Big stories

ഹൈദരാബാദ് വെടിവെയ്പ് അന്വേഷിക്കാന്‍ മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി; തെലങ്കാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം

സിബിഐ മുന്‍ ഡയറക്ടര്‍ ഡി ആര്‍ കാര്‍ത്തികേയന്‍, മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരടങ്ങിയ സമിതിയെ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച വി എസ് സിര്‍പൂര്‍ക്കര്‍ നയിക്കും.

ഹൈദരാബാദ് വെടിവെയ്പ് അന്വേഷിക്കാന്‍ മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി; തെലങ്കാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം
X

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാല്‍സംഗ കൊലപാതക കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രിം കോടതി. സിബിഐ മുന്‍ ഡയറക്ടര്‍ ഡി ആര്‍ കാര്‍ത്തികേയന്‍, മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരടങ്ങിയ സമിതിയെ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച വി എസ് സിര്‍പൂര്‍ക്കര്‍ നയിക്കും. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രിംകോടതി നടത്തിയത്. തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവക്കേണ്ടിവന്നതെന്ന് തെലങ്കാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. പ്രതികള്‍ക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പ്രതികള്‍ പോലിസിന് നേരെ വെടിവച്ചപ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് രണ്ടുപേര്‍ക്ക് പരിക്കേറ്റെന്ന് തെലങ്കാന സര്‍ക്കാര്‍ മറുപടി നല്‍കി.

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ തെലങ്കാന സര്‍ക്കാര്‍ നിയമപരമായ നടപടി എടുത്തില്ലെങ്കില്‍ ഇടപെടേണ്ടി വരും. ജനങ്ങള്‍ക്ക് സത്യം അറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റക്കാരല്ലാത്തവര്‍ക്കെതിരേ നടപടി എടുക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പോലിസ് വീഴ്ചചയെ കുറിച്ച് അന്വേഷണം കൂടിയെ തീരു എന്നും ഇത് വിശ്വാസ്യതയുടെ പ്രശ്‌നമാണെന്നും വിലയിരുത്തിയ കോടതി തെലങ്കാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടിയും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ വിചാരണകള്‍ അപഹാസ്യമാകുമെന്ന് കോടതി വിമര്‍ശിച്ചു.

വെറ്റിനറി ഡോക്ടറായ ദിശയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെയാണ് തെലങ്കാന പോലിസ് 'ഏറ്റുമുട്ടലില്‍' കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it