Big stories

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
X

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെതിനെത്തുടര്‍ന്നാണ് ടീസ്ത സുപ്രിംകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. തന്റെ വിടുതല്‍ ഹരജി സപ്തംബര്‍ 19 ലേക്ക് മാറ്റിവച്ച ഹൈക്കോടതി ഉത്തരവിനെയും സെതല്‍വാദ് കോടതിയില്‍ ചോദ്യം ചെയ്തു. ജൂണ്‍ 22നാണ് ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കിയെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാരോപിച്ച് ടീസ്തയെയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപക്കേസില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇത് സുപ്രികോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടക്കത്തില്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസിലെ പ്രതികളില്‍ ചിലരെ പ്രതിനിധീകരിച്ച് വാദിച്ചെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ലളിത് കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായിരുന്നു. എന്നാല്‍, ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ തന്റെ കക്ഷിക്ക് എതിര്‍പ്പില്ലെന്ന് സെതല്‍വാദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപോര്‍ട്ടില്‍ തന്നെ കേസിലെ പ്രതിയായി വിശേഷിപ്പിച്ചിട്ടില്ലെന്നും തനിക്കെതിരായ സാക്ഷികളുടെ മൊഴികളില്‍ കൃത്രിമം കാണിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സെതല്‍വാദ് ഹരജിയില്‍ വാദിച്ചു. കലാപബാധിതരെ പിന്തുണച്ചതിന് തന്നെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it