Big stories

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി
X

ഷിംല: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാവും. എഐസിസി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയില്‍ വൈകീട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ്‌വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി.

സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് വിവരം. പിസിസി അധ്യക്ഷയായ പ്രതിഭാ സിങ് മുഖ്യമന്ത്രി പദം ആഗ്രഹിച്ചെങ്കിലും നിയമസഭാ അംഗമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് ഈ നീക്കത്തിന് തടയിട്ടു. അതേസമയം, പ്രതിഭാ സിങ്ങിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. നദൗന്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ സുഖു, തനിക്ക് 25 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരാകണം മുഖ്യമന്ത്രിയെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ആരംഭിച്ചത്. സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എംഎല്‍എമാരില്‍ ഭൂരിപക്ഷവും സുഖ് വിന്ദര്‍ സിങ്ങിന് ഒപ്പമാണെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് സുഖ്‌വിന്ദറിന് പച്ചക്കൊടി കാണിച്ചത്. സ്വദേശമായ ഹമിര്‍പൂര്‍ ജില്ലയിലെ നദൗന്‍ മണ്ഡലത്തില്‍ നിന്നും നാലാം തവണയും വിജയിച്ചുവന്ന നേതാവാണ് സുഖ്‌വിന്ദര്‍. 3,363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്.sukhwinder-singh-sukhu-to-be-himachal-pradesh-chief-minister

Next Story

RELATED STORIES

Share it