Big stories

നമ്പർ വൺ കേരളത്തിൽ ചേരികളിൽ കഴിയുന്നത് ലക്ഷങ്ങൾ

ജനങ്ങളുടെ തൊഴിൽ സുരക്ഷയും പാർപ്പിടവും ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നിടത്താണ് ഇത് സംഭവിക്കുന്നത്. കേരളത്തിലെ ജാതിക്കോളനികളുടെ അർബൻ മുഖമാണ് ചേരികൾ.

നമ്പർ വൺ കേരളത്തിൽ ചേരികളിൽ കഴിയുന്നത് ലക്ഷങ്ങൾ
X

കോഴിക്കോട്: കേരളത്തില്‍ രണ്ട് ലക്ഷം പേര്‍ ചേരികളില്‍ കഴിയുന്നതായി സംസ്ഥാന സര്‍ക്കാറിന്റെ റിപോര്‍ട്ട്. 19 നഗരങ്ങളിലായി 202048 പേര്‍ ചേരികളില്‍ താമസിക്കുന്നതായുള്ള റിപോർട്ട് ഏറെ ഞെട്ടിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 15 ഇന വികസന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 45417 കുടിലുകളിലായി 97429 പുരുഷന്‍മാരും 104619 സ്ത്രീകളും താമസിക്കുന്നുവെന്നാണ് റിപോർട്ട് പറയുന്നു. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചേരികളുള്ളത്. 19629 കുടിലുകളിലായി 79801 പേര്‍ താമസിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ 9039 കുടിലുകളിലായി 50343 പേരും പാലക്കാട് ജില്ലയില്‍ 3404 കുടിലുകളിലായി 15238 പേരും കൊല്ലം ജില്ലയിലെ 2761 കുടിലുകളിലായി 11659 പേരും താമസിക്കുന്നുണ്ട്. കൊച്ചിയില്‍ 1594 കുടിലുകളാണുള്ളത്. ഇതില്‍ 5184 പേര്‍ താമസിക്കുന്നു. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്, ഇവിടെ 1101 കുടിലുകളിലായി 6321 പേരാണ് താമസിക്കുന്നത്.

ദലിത് ആക്ടിവിസ്റ്റ് എം ഗീതാനന്ദൻ പറയുന്നതിങ്ങനെ,

കേരളത്തിലെ ചേരികളുടെ എണ്ണം കൂടി വരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇരുപത് വർഷം മുമ്പ് കേരള സർക്കാർ ഇതുപോലെ ഒരു റിപോർട്ട് തയാറാക്കിയിരുന്നു അന്ന് ഏകദേശം ഒരുലക്ഷത്തോളം പേരാണ് ചേരികളിൽ താമസിച്ചിരുന്നത്. ജനങ്ങളുടെ തൊഴിൽ സുരക്ഷയും പാർപ്പിടവും ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നിടത്താണ് ഇത് സംഭവിക്കുന്നത്. കേരളത്തിലെ ജാതിക്കോളനികളുടെ അർബൻ മുഖമാണ് ചേരികൾ. റിയൽ എസ്റ്റേറ്റ് മാഫിയകളുടെ സമ്മർദ്ദത്തിന്റെ ചേരികളിലേക്ക് ദരിദ്ര ദലിത് വിഭാഗങ്ങളെ പുറംതള്ളുന്നതിലേക്ക് എത്തിക്കുന്നത് മറ്റൊരു കാരണം. നരേന്ദ്ര മോദി സർക്കാർ ആയാലും പിണറായി സർക്കാർ ആയാലും ചേരികളുടെ എണ്ണം വർദ്ധിപ്പിക്കുന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്. കേരള മോഡൽ എന്ന വികസന കാഴ്ചപ്പാട് തെറ്റായിരുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.

ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ കണക്കനുസരിച്ചാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ചേരികളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരുടെ കണക്കും ശേഖരിക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിലെ ചേരികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഈ റിപോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിൽ ചേരികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദലിത് ന്യുനപക്ഷ വിഭാഗങ്ങളാണ് ചേരിയിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും.

Next Story

RELATED STORIES

Share it