Big stories

താജ് മഹലിന് അടുത്താണെങ്കിലും അഞ്ചേക്കര്‍ വേണ്ട: ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

സുപ്രിം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് 67 ഏക്കര്‍ രാമജന്‍മ ഭൂമി സമുച്ഛയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ലഖ്‌നോ-അയോധ്യ ദേശീയപാതയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നത്

താജ് മഹലിന് അടുത്താണെങ്കിലും അഞ്ചേക്കര്‍ വേണ്ട: ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പള്ളിക്ക് അനുവദിച്ച സ്ഥലം നിരസിക്കണമെന്ന് ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്(എഐഎംപിഎല്‍ബി) സുന്നി വഖ്ഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 'സ്ഥലം എവിടെയാണെന്നതിന് പ്രസക്തിയേയില്ല. താജ് മഹലിനടുത്താണെങ്കിലും അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്നും എഐഎംപിഎല്‍ബിയുടെ മുതിര്‍ന്ന അംഗം കമാല്‍ ഫാറൂഖി പറഞ്ഞു.

നവംബര്‍ 9ന് സുപ്രിം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് 67 ഏക്കര്‍ രാമജന്‍മ ഭൂമി സമുച്ഛയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ലഖ്‌നോ-അയോധ്യ ദേശീയപാതയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നത്. പ്രസ്തുത ഭൂമി കൈവശപ്പെടുത്താന്‍ വഖ്ഫ് ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. 67 ഏക്കര്‍ തര്‍ക്ക സ്ഥലത്ത് പള്ളിക്ക് സ്ഥലം അനുവദിക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എഐഎംപിഎല്‍ബി ഒരിക്കലും അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആ സമുച്ഛയത്തിനുള്ളില്‍ ഭൂമി നല്‍കിയാല്‍പോലും, ഒരു പള്ളിയുടെ സൈറ്റ് കൈമാറ്റം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. യുപി സുന്നി വഖഫ് ബോര്‍ഡ് ഭൂമി നിരസിക്കണമെന്നും ഫാറൂഖി പറഞ്ഞു.

എഐഎംപിഎല്‍ബി സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗം മൗലാന യാസിന്‍ ഉസ്മാനിയും ഫാറൂഖിയുടെ അഭിപ്രായങ്ങളെ പിന്തുണച്ചു. 'സുന്നി വഖ്ഫ് ബോര്‍ഡ് മുസ്‌ലിം സമുദായത്തിന്റെ ആകെ പ്രതിനിധിയല്ല. അവര്‍ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ അത് രാജ്യത്തെ മുസ്‌ലിംകളുടെ തീരുമാനമായി കണക്കാക്കരുതെന്നും മൗലാന യാസിന്‍ ഉസ്മാനി പറഞ്ഞു. അഞ്ചേക്കര്‍ ഭൂമി വാഗ്ദാനം മുസ്‌ലിം സമൂഹം ഐക്യകണ്‌ഠ്യേന നിരസിച്ചെന്നും സുന്നി വഖ്ഫ് ബോര്‍ഡും ഇത് ചെയ്യണമെന്നും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍(എഐഎംെഎഎം) മേധാവി അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് യുപി സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി നിലപാട് വ്യക്തമാക്കിയില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമിയെ കുറിച്ച് പ്രഖ്യാപിച്ചെങ്കിലും ഇതേക്കുറിച്ച് യാതൊരു അഭിപ്രായവും അദ്ദേഹം പറഞ്ഞിട്ടില്ല. ഫെബ്രുവരി 24 ന് ബോര്‍ഡ് യോഗം ചേരുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ബോര്‍ഡും ചെയര്‍മാനും ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും, ഇസ്‌ലാമിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ആശുപത്രികള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണം ഉറപ്പാക്കുന്ന ഒരു 'ഇന്‍ഡോ-ഇസ് ലാമിക് കള്‍ച്ചര്‍ ട്രസ്റ്റ്' രൂപീകരിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്.

എന്നാല്‍, ഇത്തരമൊരു നീക്കത്തെയും കമാല്‍ ഫാറൂഖി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് സര്‍ക്കാരിന്റെ പണം ആവശ്യമില്ലെന്നും ഇവയെല്ലാം നിര്‍മിക്കാന്‍ സ്ഥലവും ഭൂമിയും ശേഷിയുമുണ്ടെന്നും ബാബരി കേസ് ഒരു വലിയ നീതിയെക്കുറിച്ചുള്ളതാണെന്നും ഫാറൂഖി പറഞ്ഞു. അതേസമയം, ഭൂമി നല്‍കുകയാണെങ്കില്‍ ആ സ്ഥലത്ത് മറ്റൊരു രാമക്ഷേത്രം കൂടി പണിയുമെന്ന് ഷിയ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വി പറഞ്ഞു.


സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് 51,000 രൂപ സംഭാവന ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അഞ്ചേക്കര്‍ ഭൂമി


അനുവദിച്ചതായി സര്‍ക്കാര്‍ വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞത്. അയോധ്യ ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ധന്നിപൂര്‍ ഗ്രാമത്തിലെ സ്ഥലം.


രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി


ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു.




Next Story

RELATED STORIES

Share it