Big stories

ഗുജറാത്ത് കലാപം: ബില്‍ക്കിസ് ബാനുവിന് സഹായധനം ഉടന്‍ നല്‍കണം -ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രീംകോടതി

ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്‍കി.

ഗുജറാത്ത് കലാപം:  ബില്‍ക്കിസ് ബാനുവിന് സഹായധനം ഉടന്‍ നല്‍കണം  -ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രീംകോടതി
X

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇര ബില്‍ക്കിസ് ബാനുവിനുള്ള സഹായധനം നല്‍കാന്‍ വൈകുന്ന ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രീംകോടതി. ബില്‍ക്കിസ് ബാനുവിന് നല്‍കാന്‍ ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടന്‍ കൈമാറണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്‍കി. ബില്‍കിസ് ബാനു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹില്‍രമാനിയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വന്നത് എന്നത് ശ്രദ്ധേയമാണ്.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിലാണ് ഗുജറാത്ത് രധിക് പൂര്‍ സ്വദേശിയായ ബില്‍ക്കിസ് ബാനു ക്രൂരമായി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബില്‍ക്കിസിന് കണ്ടുനില്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍കിസിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു.

എന്നാല്‍, സ്വന്തം കുടുംബത്തെ കൊന്നൊടുക്കിയവരുടെയും തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തവരുടേയും പേരുകള്‍ തുറന്നുപറഞ്ഞിട്ടും പരാതി നല്‍കിയിട്ടും ഗുജറാത്ത് പോലിസ് കേസെടുത്തില്ല. പിന്നീട് നിയമപോരാട്ടത്തില്‍ ഉറച്ചു നിന്നപ്പോള്‍ ഗുജറാത്ത് സിഐഡി കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്. പിന്നീട് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പിന്നീട് ബില്‍ക്കീസ് ബാനു പോരാട്ടം തുടര്‍ന്നത്. ഒടുവില്‍ കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റുവാനും സിബിഐയ്ക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവിട്ടു. 2004 ഓഗസ്റ്റില്‍ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വീണ്ടും നിയമപോരാട്ടം തുടര്‍ന്ന ബില്‍ക്കിസിന്റെ ഹര്‍ജിയില്‍ 2017ല്‍ അഞ്ച് പോലിസുകാരെയും രണ്ട് ഡോക്ടര്‍മാരെയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതി ശിക്ഷിച്ചു. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം ധനസഹായം നല്‍കാനും സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.

Next Story

RELATED STORIES

Share it