Big stories

പ്രത്യേക ചോപ്പര്‍, റണ്‍വേ മുതല്‍ ബാരിക്കേഡ്; കൊല്‍ക്കത്തയില്‍ പ്രതിഷേധം ഭയന്ന് മോദി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്താവള പരിസരത്ത് പ്രധാനമന്ത്രിയുടെ പാത തടയുന്നതടക്കമുള്ള പദ്ധതികള്‍ പ്രതിഷേധക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്.

പ്രത്യേക ചോപ്പര്‍, റണ്‍വേ മുതല്‍ ബാരിക്കേഡ്; കൊല്‍ക്കത്തയില്‍ പ്രതിഷേധം ഭയന്ന് മോദി
X

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവില്‍ പ്രതിഷേധം തീര്‍ക്കുമെന്ന് വിവിധ പാര്‍ട്ടികള്‍ വ്യക്തമാക്കിയതോടെ കൊല്‍ക്കത്തയില്‍ നരേന്ദ്രമോദിക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നാളെ കല്‍ക്കത്തയില്‍ എത്തുന്നത്. വിമാനത്താവളം മുതല്‍ മോദി സഞ്ചരിക്കുന്ന എല്ലാ റൂട്ടുകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം നിര്‍ത്തിവച്ച് സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. മോദി സഞ്ചരിക്കുന്ന റോഡുകള്‍ തടയുമെന്ന അഭ്യൂഹം പരന്നതിനാല്‍ മോദിക്ക് പറക്കാന്‍ പ്രത്യേക ചോപ്പറും ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന മൂന്ന് സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. മോദി ഇറങ്ങുമ്പോള്‍ വന്‍ പ്രതിഷേധം തീര്‍ക്കാനാണ് പ്രക്ഷോഭകര്‍ ഒരുങ്ങുന്നത്. പൗരത്വ നിയമം നടപ്പാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ കൊല്‍ക്കത്ത സന്ദര്‍ശനമാണ് നാളെ നടക്കുന്നത്.

മോദി പോകുന്ന വഴിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംഘടനകള്‍ റോഡുകള്‍ തടയുമെന്നും പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ട്. 'നോ എന്‍ആര്‍സി മൂവ്‌മെന്റ്' കൊല്‍ക്കത്ത വിമാനത്താവളം വളയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 12 ന് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷമാണ് മോദി പങ്കെടുക്കുന്ന പ്രധാന പരിപാടി.

സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്) ലിബറേഷന്‍, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥി സംഘടനകളും തെരുവിലിറങ്ങും.

'വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം നഗരത്തിലേക്ക് വരാന്‍ ശ്രമിച്ചാല്‍ വിമാനത്താവളം വളയും. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചോപ്പറില്‍ എത്തിയാല്‍ അവടേയും പ്രതിഷേധം ഉയരും'. എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ സംഘാടകരിലൊരാളായ ബിപ്ലാബ് ഭട്ടാചാര്യ പറഞ്ഞു.

പ്രക്ഷോഭം ശക്തമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വിമാനത്താവളത്തില്‍ റണ്‍വേയുടെ അരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും റോഡ് മാര്‍ഗം പ്രതിഷേധമുണ്ടായാല്‍ വിമാനത്താവളത്തില്‍ നിന്നും ചോപ്പര്‍ വഴി പോകാനുമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

മൂന്ന് സംഘടനകള്‍ വിമാനത്താവള പരിസരത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ആസൂത്രണം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സുരക്ഷാ സേനയും ഉദ്യോഗസ്ഥരും പോലിസും സംസ്ഥാന സര്‍ക്കാരും മോദി പുറപ്പെടാന്‍ പോകുന്ന വിമാനത്താവളത്തില്‍ റൂട്ട് സര്‍വേ നടത്തിയിരുന്നു. വിഐപികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വ്യോമസേനയുടെ ചോപ്പര്‍ സ്റ്റാന്‍ഡ്‌ബൈയില്‍ സൂക്ഷിക്കാനാണ് തീരുമാനം. വലിയ തോതിലുള്ള പ്രതിഷേധമുണ്ടെങ്കില്‍, പ്രധാനമന്ത്രിയെ മൈതാനിലെ ആര്‍സിടിസി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാന്‍ ചോപ്പര്‍ ഉപയോഗിക്കും. റോഡ് മാര്‍ഗമാണെങ്കില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ മെട്രോ ഇടനാഴി, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചേരും എന്നാണ് വിവരം.

Next Story

RELATED STORIES

Share it