Big stories

കൊവിഡ് വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും; ആഭ്യന്തര വകുപ്പ് വീണ്ടും വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്ന് സോഷ്യല്‍ മീഡിയ

ശബരിമല വിവാദസമയത്ത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലിസിന്റെ വയര്‍ലെസ് ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു

കൊവിഡ് വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും;   ആഭ്യന്തര വകുപ്പ് വീണ്ടും വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്ന് സോഷ്യല്‍ മീഡിയ
X
പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ വാഹന പരിശോധനയ്ക്ക് പോലിസിനോടൊപ്പം സംഘപരിവാര പോഷക സംഘടനയായ സേവാഭാരതിയുടെ വോളന്റിയര്‍മാരും. പാലക്കാട് ജില്ലയിലെ കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നത്. ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളോട് പോലിസുകാര്‍ക്കൊപ്പെ തന്നെ സേവാഭാരതി വോളന്റിയര്‍മാരും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേന അംഗങ്ങള്‍ പോലിസിനെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിലൊന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സന്നദ്ധ സംഘടനകളുടെയോ അടയാളങ്ങളോ മറ്റോ ഉള്ള യാതൊന്നും ഉപയോഗിച്ചിരുന്നില്ല. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വോളന്റിയര്‍മാര്‍ ഇത്തരത്തില്‍ സേവനത്തിനുണ്ടെങ്കിലും ഇവരെല്ലാം സാധാരണ വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സന്നദ്ധ സേവനത്തിനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സേവാഭാരതിയുടെ കുങ്കുമ നിറത്തിലുള്ള പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയത്. ഇന്നലെ സേവാഭാരതിയുടെ യൂനിഫോം ധരിച്ചിരുന്നില്ലെന്നും ഇന്നാണ് യൂനിഫോം ധരിച്ചെത്തിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ...

Posted by T Siddique on Monday, 10 May 2021

സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണുയരുന്നത്. ആഭ്യന്തര വകുപ്പ് വീണ്ടും വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. പോലിസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലിസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്നു കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ ടി സിദ്ദീഖ് ഫേസ് ബുക്കിലൂടെ ചോദിച്ചു. നേരത്തേ പാലക്കാട് നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചപ്പോള്‍ നഗരസഭാ കാര്യാലയത്തിനു മുകളില്‍ കയറി ജയ് ശ്രീറാം ബാനര്‍ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. ശബരിമല വിവാദസമയത്ത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലിസിന്റെ വയര്‍ലെസ് ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു.

Sevabharati with police for covid vehicle inspection in Palakkad

Next Story

RELATED STORIES

Share it