Big stories

'ഫ്രീ കശ്മീര്‍' പോസ്റ്റര്‍: മൈസുരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

മാരി ദേവയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. സ്വമേധയാ കേസെടുത്തതാണെന്നും ഇതില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മൈസൂരു പോലിസ് കമ്മീഷണര്‍ കെ ടി ബാലകൃഷ്ണ പറഞ്ഞു.

ഫ്രീ കശ്മീര്‍ പോസ്റ്റര്‍: മൈസുരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
X

മൈസൂരു: ജെ എന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസും സംഘപരിവാരവും നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മൈസുരു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ 'ഫ്രീ കശ്മീര്‍' എന്ന പോസ്റ്റര്‍ ഉയര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. സെക്്ഷന്‍ 124 എ(രാജ്യദ്രോഹം), സെക്ഷന്‍ 34 എന്നിവ പ്രകാരമാണ് പോലിസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ജയലക്ഷ്മിപുരം പോലിസ് അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റം.

മാരി ദേവയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. സ്വമേധയാ കേസെടുത്തതാണെന്നും ഇതില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മൈസൂരു പോലിസ് കമ്മീഷണര്‍ കെ ടി ബാലകൃഷ്ണ പറഞ്ഞു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും അതിനു നേതൃത്വം നല്‍കിയതിനും മാരി ദേവയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നതായി സര്‍വകലാശാല രജിസ്ട്രാര്‍ ആര്‍ ശിവപ്പ പറഞ്ഞു. പ്രതിഷേധം സംഘടിപ്പിച്ച സംഘടനകളോട് വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു. ദലിത് സ്റ്റുഡന്റ്‌സ് ഫോറം, മൈസൂരു റിസര്‍ച്ചേഴ്‌സ് അസോസിയേഷന്‍, ബഹുജന്‍ വിദ്യാര്‍ഥി സംഘ്, സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

അതേസമയം, കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിഛേദത്തെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ഫ്രീ കശ്മീര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയതെന്ന് വിദ്യാര്‍ഥിനി പ്രസ്താവനയില്‍ അറിയിച്ചു. ജനുവരി 8ന് മൈസൂര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഞാന്‍ നടത്തിയ 'ഫ്രീ കശ്മീര്‍' പ്ലക്കാര്‍ഡിനെക്കുറിച്ച് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താഴ്‌വരയില്‍ അടിച്ചേല്‍പ്പിച്ച ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ പ്ലക്കാര്‍ഡിലൂടെ ശ്രമിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഏകദേശം 156 ദിവസങ്ങള്‍ക്കുള്ളില്‍ 2019 ആഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ് ഉപരോധം തുടരുകയാണ്. ഇത് കശ്മീരിനെ നിശബ്ദമാക്കുന്നതിന് കാരണമായി. 5 മാസവും 2 ദിവസവും ഞങ്ങള്‍ അവരില്‍ നിന്ന് ഒരു വിവരവും കേട്ടിട്ടില്ലെന്നും യുവതി പറഞ്ഞു.

വിയോജിക്കാനും പ്രതിഷേധത്തില്‍ പങ്കെടുക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണഘടനാ വിരുദ്ധമായ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന ജനങ്ങളെ താന്‍ ഓര്‍മിപ്പിക്കുകയാണ്. കശ്മീര്‍ താഴ്‌വര ഇരുട്ടിലായിരിക്കെ, അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം. 'ഫ്രീ കശ്മീര്‍' എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. അതില്‍ അധികമോ കുറവോ ഇല്ല. മൈസൂര്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി സംഘടനയും പ്ലക്കാര്‍ഡിന് ഉത്തരവാദികളല്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. മൈസൂര്‍ യൂനിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയായ യുവതി ഇപ്പോള്‍ മറ്റൊരു കോളജിലാണ് പഠിക്കുന്നത്. യൂനിവേഴ്‌സിറ്റി കാംപസിനുള്ളില്‍ ടോര്‍ച്ചുകള്‍ കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ പ്രധാന കവാടത്തിനടുത്തുള്ള കുവേമ്പു പ്രതിമയിലേക്ക് പ്രതിഷേധക്കാര്‍ കയറുകയും കുത്തിയിരുന്ന് ജെഎന്‍യുവിലെ അക്രമത്തിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെയാണ് കറുത്ത പ്ലക്കാര്‍ഡില്‍ വെളുത്ത നിറത്തില്‍ 'ഫ്രീ കശ്മീര്‍' എന്നെഴുതിയ ചെറിയ പോസ്റ്റര്‍ പിടിച്ചിരിക്കുന്നതായി പ്രചരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it