Top

കേരളാ ഗവര്‍ണര്‍ ബിജെപിയില്‍ ചേരുന്നതാണ് ഭേദം: അബ്ദുല്‍ മജീദ് മൈസൂര്‍

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളാ ഗവര്‍ണര്‍ ബിജെപിയില്‍ ചേരുന്നതാണ് ഭേദം: അബ്ദുല്‍ മജീദ് മൈസൂര്‍
X
കണ്ണൂര്‍: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തല്‍സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുന്നതാണ് ഭേദമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ പറഞ്ഞു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ കണ്ണൂര്‍ ജില്ലാതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയല്‍ രാജ്യങ്ങളായ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളുടെ പേരില്‍ വിലപിക്കുന്ന ഗവര്‍ണര്‍ക്ക് ഇന്ത്യാ രാജ്യത്ത് ഹിന്ദുത്വ ഭീകരരാല്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും കാര്യത്തില്‍ ദു:ഖമില്ലാത്തത് പരിഹാസ്യമാണ്. എന്‍ആര്‍സിയും സിഎഎയും ആരെയും ബാധിക്കില്ലെന്നു പറയുന്ന ഗവര്‍ണര്‍ അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ 19 ലക്ഷം പൗരന്മാര്‍ പുറത്തായ കാര്യത്തെക്കുറിച്ച് വ്യക്തമാക്കണം. അസമില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ സര്‍ക്കാര്‍ 1800 കോടി രൂപയും ജനങ്ങള്‍ 7036 കോടി രൂപയും ചെലവഴിച്ചു. അവിടെ ഹിന്ദുക്കളും മുസ് ലിംകളും ഉള്‍പ്പെടെ എല്ലാവരും ഇതിലുണ്ട്. മുസ് ലിംകളെ ബാധിക്കില്ലെന്നു പറയുമ്പോള്‍ മുന്‍ രാഷ്ട്രപതിയുടെ കുടുംബവും മുന്‍ സൈനികനും പുറത്തായി.

ബിജെപിയുടെ മുന്‍ എംഎല്‍എ പോലും പുറത്തായി. രാജ്യത്ത് 80 ലക്ഷത്തിലധികം ആദിവാസികള്‍ക്കും ലക്ഷക്കണക്കിന് നാടോടികള്‍ക്കും പൗരത്വം തെളിയിക്കാന്‍ എന്തു രേഖയാണ് കാണിക്കാനാവുക. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസിനെ പറയുമ്പോള്‍ എസ്ഡിപിഐയെ കൂടി ചേര്‍ത്ത് സമീകരിക്കുന്ന സിപിഎമ്മും ഇടതുപക്ഷ കക്ഷികള്‍ ഹിന്ദുത്വ പ്രീണനമാണ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐയെ മത രാഷ്ട്രവാദികളെന്ന് വിളിക്കുന്നവര്‍ തെളിവ് നല്‍കാന്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി സുഫീറ, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വെല്‍ഫെയര്‍ പാര്‍ട്ട് ജില്ലാ സെക്രട്ടറി ഫൈസല്‍ മാടായി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ ശശിധരന്‍, പിഡിപി ജില്ലാ പ്രസിഡന്റ് സുബൈര്‍ പുഞ്ചവയല്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/ എസ്ടി ഓര്‍ഗനൈസേഷന്‍സ് കോഡിനേറ്റര്‍ ജോണ്‍സണ്‍ നെല്ലിക്കുന്ന്, ഭാരതീയ പട്ടികജന സമാജം ജില്ലാ പ്രസിഡന്റ് കുഞ്ഞമ്പു കല്യാശ്ശേരി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എസ് വി ഷെമീന, എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി പി കെ ഇഖ്ബാല്‍ സംസാരിച്ചു.

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, കാജാ ഹുസൈന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, അഡ്വ. എ എ റഹീം, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംബന്ധിച്ചു.

സമാപനസമ്മേളനത്തിനു മുന്നോടിയായി കണ്ണൂര്‍ പുതിയതെരുവില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് പള്ളിക്കുന്ന്, പൊടിക്കുണ്ട്, ശ്രീപുരം, എകെജി റോഡ്, കാള്‍ടെക്‌സ് വഴി സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.


Next Story

RELATED STORIES

Share it