Big stories

ഹൈദരാബാദ് പോലിസ് വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ഹൈദരാബാദ് പോലിസ് വെടിവയ്പ്:  ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം
X

ന്യൂഡല്‍ഹി: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പോലിസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം. അന്വേഷണത്തിന് മുന്‍ സുപ്രിം കോടതി ജഡ്ജിയെ നിയമിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഹൈദരാബദില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയത് ഏറെ വിവാദമായതോടെ നേരത്തെ സുപ്രീംകോടതി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിഐഡി അന്വേഷണം ആരംഭിച്ചതായി തെലുങ്കാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗിയും കൃഷ്ണകുമാര്‍ സിങ്ങും കോടതിയെ അറിയിച്ചു.

നവംബര്‍ 27നാണ് ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ നവംബര്‍ 29ന് നാല് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് ഡിസംബര്‍ ആറിന് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയത്.

പ്രതികള്‍ പോലിസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോഴാണ് പോലിസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പോലിസിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ പോലിസിന് നേരെ വെടിയുതിര്‍ത്തതായും പറയുന്നു. രണ്ടു പോലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് പോലിസ് തിരിച്ചടിക്കാന്‍ ആരംഭിച്ചതെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.

അതേസമയം, എല്ലാ പ്രതികള്‍ക്കും തലയിലാണ് വെടിയേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധം തട്ടിയെടുത്ത് പോലിസിന് നേരെ വെടിയുതിര്‍ത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൃത്യമായി ക്ലോസ് റേഞ്ചില്‍ തലയില്‍ തന്നെ വെടിയേറ്റത് സംശയകരമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെടിവയ്പില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും കമ്മീഷന്‍ അംഗങ്ങളെത്തി. മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it