Big stories

സൗദി: സമ്പൂര്‍ണ വേതന സുരക്ഷാ പദ്ധതി നടപ്പിലായി

ഒന്നു മുതല്‍ നാലു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി പരിധിയില്‍ വന്നത്.

സൗദി: സമ്പൂര്‍ണ വേതന സുരക്ഷാ പദ്ധതി നടപ്പിലായി
X

റിയാദ്: നിര്‍ബന്ധിത വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടമായ പതിനേഴാം ഘട്ടം ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇതോടെ സൗദിയില്‍ തൊഴിലെടുക്കുന്ന എല്ലാവരും വേതന സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച് വന്‍കിട കമ്പനികള്‍ക്കാണ് വേതന സുരക്ഷാ പദ്ധതി ആദ്യം ബാധകമാക്കിയത്. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടത്. 2013 സെപ്റ്റംബര്‍ ഒന്നു മുതലാണ് ഈ കമ്പനികള്‍ക്ക് വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കിയത്. ഏഴു വര്‍ഷത്തിനിടെ പതിനേഴു ഘട്ടങ്ങളായി രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കി.


ഒന്നു മുതല്‍ നാലു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി പരിധിയില്‍ വന്നത്. നാലു ജീവനക്കാരില്‍ താഴെയുള്ള മൂന്നേമുക്കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങള്‍ സൗദിയിലുണ്ട്. തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പു വരുത്തുക എന്നതാണ് വേതന സുരക്ഷാ പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും തൊഴിലാളികളും തമ്മില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ കുറക്കാനും സ്വകാര്യ മേഖലയില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളിലെ വേതന നിലവാരം കൃത്യമായി മനസിലാക്കാനും വേതന സുരക്ഷാ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കുന്നു.


മാസത്തില്‍ ഒന്നിലധികം തവണ വേതനം വിതരണം ചെയ്യല്‍, കൃത്യ സമയത്ത് വേതനം വിതരണം ചെയ്യാതിരിക്കല്‍, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പിടിക്കല്‍, അടിസ്ഥാന വേതനത്തിന്റെ 20 ശതമാനവും അതിലധികവും വര്‍ധിപ്പിക്കല്‍, ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത വേതനവും അടിസ്ഥാന വേതനവും സമമല്ലാതിരിക്കല്‍ എന്നിവയെല്ലാം വേതന സുരക്ഷാ പദ്ധതി പ്രകാരം നിയമ ലംഘനങ്ങളാണ്.


ഓഗസ്റ്റ് ഒന്നു മുതലാണ് വേതന സുരക്ഷാ പദ്ധതി പതിനാറാം ഘട്ടം നിലവില്‍ വന്നത്. അഞ്ചു മുതല്‍ പത്തു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തില്‍ ഉള്‍പ്പെട്ടത്.. മുഴുവന്‍ സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതി പാലിക്കണമെന്നും നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിന് ജീവനക്കാരുടെ വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന ഫയല്‍ ഓരോ മാസവും സമര്‍പ്പിക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.


തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആയി പ്രതിമാസം സമര്‍പ്പക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തും. വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന വിവരങ്ങള്‍ വേതന സുരക്ഷാ പദ്ധതി സംവിധാനത്തില്‍ സമര്‍പ്പിക്കാന്‍ രണ്ടു മാസം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും ഒഴികെയുള്ള സേവനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ത്തിവെക്കും. വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നു മാസം കാലതാമസമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റും വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും അടക്കം മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും നിഷേധിക്കും. കൂടാതെ തൊഴിലുടമകളുടെ അനുമതി കൂടാതെ തന്നെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളെ അനുവദിക്കുകയും ചെയ്യും.




Next Story

RELATED STORIES

Share it