Big stories

ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ മമതയ്ക്ക് തിരിച്ചടി; രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രിംകോടതി അനുമതി

മമതയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കി. രാജീവ് കുമാറിനെ അറസ്റ്റുചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി. അതേസമയം, രാജീവ് കുമാറിന് സിബിഐയുടെ അറസ്റ്റില്‍നിന്നു സംരക്ഷണം തേടാന്‍ ഏഴുദിവസം സുപ്രിംകോടതി സമയം അനുവദിച്ചു.

ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ മമതയ്ക്ക് തിരിച്ചടി; രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രിംകോടതി അനുമതി
X

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രാഷ്ട്രീയമായും നിയമപരമായും വന്‍ തിരിച്ചടി. മമതയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കി. രാജീവ് കുമാറിനെ അറസ്റ്റുചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി. അതേസമയം, രാജീവ് കുമാറിന് സിബിഐയുടെ അറസ്റ്റില്‍നിന്നു സംരക്ഷണം തേടാന്‍ ഏഴുദിവസം സുപ്രിംകോടതി സമയം അനുവദിച്ചു. നിയമപരമായ നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ടുപോവാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന സമയത്ത് തെളിവുനശിപ്പിച്ചെന്ന കേസില്‍ രാജീവ് കുമാറിനെ അറസ്റ്റുചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള ഫെബ്രുവരി അഞ്ചിലെ ഉത്തരവ് റദ്ദാക്കണമെന്നും ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. ശാരദ കേസിനു പുറമേ റോസ് വാലി കേസിലും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസുകളിലെ ഗൂഢാലോചനയുടെ ചുരുള്‍ അഴിയണമെങ്കില്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്ന് സിബിഐ വാദിച്ചു.

തിരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഇടപെട്ടെന്ന പേരില്‍ രാജീവ് കുമാറിനെ എഡിജിപി (സിഐഡി) സ്ഥാനത്തുനിന്ന് ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആദ്യന്തരമന്ത്രാലയത്തിനു റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. 2000 കോടി രൂപയുടെ ശാരദ കേസ് സിബിഐ ഏറ്റെടുക്കും മുമ്പ് അതന്വേഷിച്ച ബംഗാള്‍ പോലിസിന്റെ പ്രത്യേക സംഘത്തലവനായിരുന്നു രാജീവ് കുമാര്‍. ഉന്നതരെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സിബിഐ ചോദ്യം ചെയ്തതിനു ശേഷം രാജീവ് കുമാറിനെ സിഐഡി എഡിജിപി ആക്കി മാറ്റിയിരുന്നു. കമ്മീഷണര്‍ സ്ഥാനത്ത് 3 വര്‍ഷം പിന്നിട്ടതിനെ തുടര്‍ന്നാണ് രാജീവ് കുമാറിനെ മാറ്റിയത്.

ഫെബ്രുവരി 3ന് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ വീട്ടില്‍ കയറ്റാതെ പോലിസ് തടഞ്ഞതു വന്‍വിവാദമായിരുന്നു. തുടര്‍ന്നു വിഷയം കോടതിയിലെത്തി. സുപ്രിംകോടതി നിര്‍ദേശപ്രകാരം രാജീവ് കുമാറിനെ സിബിഐ അഞ്ചുദിവസം ഷില്ലോങ്ങിലെത്തി ചോദ്യം ചെയ്തു. കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് കുമാറിന്റെ അറസ്റ്റ് ഒഴിവായത്. സുപ്രിംകോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ പ്രത്യേകസംഘം ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it