Big stories

ശബരിമല ഭരണനിര്‍വഹണത്തിന് ഒരുമാസത്തിനകം പ്രത്യേക നിയമം കൊണ്ടുവരണം: സുപ്രിംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണനിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എന്‍ പി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമല ഭരണനിര്‍വഹണത്തിന് ഒരുമാസത്തിനകം പ്രത്യേക നിയമം കൊണ്ടുവരണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണനിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എന്‍ പി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമലയില്‍ വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ശബരിമലയ്ക്കുവേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രിംകോടതി ചോദിച്ചു. ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യമുണ്ട്. നിയമം കൊണ്ടുവരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണസമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥചെയ്തിരുന്നു. എന്നാല്‍, കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാവുമെന്ന് ജസ്റ്റിസ് എന്‍ വി രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷന്‍ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂര്‍ത്തിയായ വനിതകളെ മാത്രമേ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആഗസ്ത് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പക്ഷേ, മൂന്നുമാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളം പോലൊരു സംസ്ഥാനത്തിന് നിയമനിര്‍മാണത്തിനായി സുപ്രിംകോടതിയുടെ ഇടപെടല്‍ അനിവാര്യമാണോയെന്നും ജസ്റ്റിസ് രമണ ചോദിച്ചു. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമനിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നിലവില്‍ തീര്‍ത്ഥാടന കാലമാണ്. അത് കഴിഞ്ഞതിനുശേഷം നിയമനിര്‍മാണത്തിലേക്ക് കടക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. പക്ഷേ, ഈ വാദം കോടതി അംഗീകരിച്ചില്ല. കേസ് ഇന്ന് പരിഗണിച്ച സമയത്ത് മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it