Big stories

ശബരിമല: മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായിയും കോടിയേരിയും

കേരളത്തില്‍ ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്നും അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റുചെയ്യുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍, ശബരിലയുടെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല: മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായിയും കോടിയേരിയും
X

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കേരളത്തില്‍ ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്നും അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റുചെയ്യുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍, ശബരിലയുടെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനെന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധപ്രവര്‍ത്തനത്തിനാണ്. ആര് തെറ്റ് ചെയ്താലും നടപടിയുണ്ടാവും. തിരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണ്.

കേരളത്തില്‍ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മാന്യതയല്ല. പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ മാന്യത കാണിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയാണ് വിധി പ്രസ്താവിച്ചത്. സുപ്രിംകോടതി വിധിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണിത്. സുപ്രിംകോടതി വിധി പ്രസ്താവിച്ചാല്‍ അത് പാലിക്കണമെന്നതാണ് ജനാധിപത്യ മര്യാദ. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു ബിജെപിയുടെ ഉദ്ദേശം. അതിനായി മോദിയുടെ അനുഗ്രഹാശിസുകളുണ്ടായിരുന്നു. ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണ്.

ശബരിമലയിലേക്കുള്ള കാണിക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. നിങ്ങള്‍ വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനലുകളെ അയച്ചു. എന്നാല്‍, ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ അത് തടഞ്ഞു. പോലിസുകാരെ വരെ ആക്രമിച്ചു. തികഞ്ഞ സംയമനത്തോടെ പോലിസ് അക്രമികളെ നിയന്ത്രിച്ചു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്ന് മോദി വ്യാജപ്രചാരണം നടത്തുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കരുതെന്ന നിബന്ധന ഇറക്കിയതെന്ന വസ്തുത പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നു. മോദി തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it