Big stories

എന്‍ആര്‍സി,സിഎഎ,എന്‍പിആര്‍: രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ദ്രോഹിക്കുന്നതെന്ന് രാജരത്‌ന അംബേദ്കര്‍

റാഫേല്‍ ഇടപാടിന്റെ രേഖകള്‍ കൈവശമില്ലെന്നു പറയുന്ന സര്‍ക്കാരാണ് ഇന്ത്യയിലെ പൗരന്മാരോട് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കാന്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന എന്‍ആര്‍സിയുടെയും സിഎഎയുടെയും എന്‍പിആറിന്റെയും ഇരകള്‍ പ്രഥമമായും മുസ് ലിംകള്‍ ആണെങ്കിലും ഇത് ഏതെങ്കിലും ഒരു സമുദായത്തെമാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് മതസമുദായ വിഭാഗങ്ങളും കാംപസുകളിലെ വിദ്യാര്‍ഥികളും വീടുകളില്‍ കഴിയുന്ന സ്ത്രീകളുമെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന സമരത്തിന്റെ മുന്‍ നിരയില്‍ വരുന്നത്.ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും ഇവിടെ നടക്കുന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളെപോലും ഇല്ലായ്്മ ചെയ്ത് ഏകാധിപത്യപരമായ രാജ്യം സ്ഥാപിക്കുകയെന്നതും ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളിലൂടെ ബിജെപിയും ആര്‍എസ്എസും ലക്ഷ്യമിടുന്നു

എന്‍ആര്‍സി,സിഎഎ,എന്‍പിആര്‍:  രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ദ്രോഹിക്കുന്നതെന്ന് രാജരത്‌ന അംബേദ്കര്‍
X

കൊച്ചി: ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്ന എന്‍ആര്‍സി,സിഎഎ,എന്‍പിആര്‍ എന്നിവ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളെയും ബാധിക്കുന്നതാണെന്ന് ഇന്ത്യന്‍ ഭരണഘടന ശില്‍പിയായ ഡോ.ബി ആര്‍ അംബേദ്കറുടെ പേരമകനും ഭരണഘടന സംരക്ഷണത്തിനായി രൂപീകരിച്ചിരിക്കുന്ന സംഘടനയായ സംവിധാന്‍ സുരക്ഷ ആന്ദോളന്‍ ജനറല്‍ സെക്രട്ടറിയുമായ രാജരത്‌ന അംബേദ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റാഫേല്‍ ഇടപാടിന്റെ രേഖകള്‍ കൈവശമില്ലെന്നു പറയുന്ന സര്‍ക്കാരാണ് ഇന്ത്യയിലെ പൗരന്മാരോട് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കാന്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന എന്‍ആര്‍സിയുടെയും സിഎഎയുടെയും എന്‍പിആറിന്റെയും ഇരകള്‍ പ്രഥമമായും മുസ് ലിംകള്‍ ആണെങ്കിലും ഇത് ഏതെങ്കിലും ഒരു സമുദായത്തെമാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് മതസമുദായ വിഭാഗങ്ങളും കാംപസുകളിലെ വിദ്യാര്‍ഥികളും വീടുകളില്‍ കഴിയുന്ന സ്ത്രീകളുമെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന സമരത്തിന്റെ മുന്‍ നിരയില്‍ വരുന്നത്.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും ഇവിടെ നടക്കുന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളെപോലും ഇല്ലായ്മ ചെയ്ത് ഏകാധിപത്യപരമായ രാജ്യം സ്ഥാപിക്കുകയെന്നതും ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളിലൂടെ ബിജെപിയും ആര്‍എസ്എസും ലക്ഷ്യമിടുന്നുവെന്നും രാജരത്‌ന അംബേദ്കര്‍ വ്യക്തമാക്കി. ബിജെപി നേതാവ് സാക്ഷി മഹാരാജ് അടുത്തിടെ പറഞ്ഞിരുന്നു. 2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പ് ആണെന്ന്. അതിനര്‍ഥം വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാത്ത വിധം രാജ്യത്തിന്റെ ഘടനയെയും സ്വഭാവത്തെയും മാറ്റുക. അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ ഏതു വിധേനയും വീണ്ടും തങ്ങള്‍ക്ക് അനൂകൂലമാക്കി മാറ്റുക. ഇതാണ് പൗരത്വ നിയമഭേദഗതിയിലൂടെ ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.വലിയ വിഭാഗം ജനങ്ങള്‍ക്ക് എന്‍ആര്‍സിയിലൂടെ വോട്ടവകാശം നഷ്ടപ്പെടുത്തുകയും വിദേശത്ത് നിന്നും ഹിന്ദുക്കളാണെന്ന ഒറ്റക്കാരണത്താല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സിഎഎയിലൂടെ ഇന്ത്യയുടെ വോട്ടര്‍മാരാക്കി മാറ്റുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് ഈ നീക്കങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്.ഒരുവശത്ത് തദ്ദേശിയര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുത്തുകയും മറുവശത്ത് തങള്‍ക്കൊപ്പം നില്‍ക്കുന്ന വിദേശികള്‍ക്ക് വോട്ടവകാശം നല്‍കി തിരഞ്ഞെടുപ്പ് പ്രക്രിയ തങ്ങള്‍ക്ക് അനുകൂലമാക്കി എന്നന്നേക്കുമായി മാറ്റുകയെന്ന അതിഗൂഢമായ അജണ്ഡയാണ് നീക്കങ്ങള്‍ക്ക് പിന്നില്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷാഹിന്‍ ബാഗില്‍ മുസ് ലിം സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരം 38 ദിവസം പിന്നിട്ടു.സമരങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഷാഹിന്‍ ബാഗുകള്‍ ആവര്‍ത്തിച്ചുകൊണ്ട് സത്രീകള്‍ ദേശവ്യാപകമായി സമരം നടത്തുകയാണ്.പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതാണ് മറ്റുള്ളവര്‍ അസ്വസ്ഥരാകേണ്ടതില്ല എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അസമില്‍ ഇപ്പോള്‍ തയാറായികഴിഞ്ഞ പൗരത്വ പട്ടിക. ഇവിടെ പുറത്തായ 19 ലക്ഷത്തില്‍ നാലര ലക്ഷം മാത്രമാണ് മുസ്‌ലിംകള്‍ ഉളളത്.ബാക്കി ബഹുഭൂരിപക്ഷവും ഹിന്ദുകള്‍ തന്നെയാണ്.എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിലൂടെ മുസ്‌ലിംകള്‍ മാത്രമല്ല ദ്രോഹിക്കപെടാന്‍ പോകുന്നതെന്ന് വളരെ വ്യക്തമാണ്. രാജ്യത്ത് ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ പാവങ്ങളില്‍ ഭുരിപക്ഷവും ദലിതരും പട്ടിക വര്‍ഗക്കാരുമാണ്.ആധാര്‍കാര്‍ഡുപോലുള്ള രേഖകള്‍ പോലും ഇല്ലാത്തവരുണ്ട്. എന്‍ആര്‍സി വരുമ്പോള്‍ ഇവര്‍ 1971 ലെ പോര 1951 ലെ തങ്ങളുടെ മാതാപിതാക്കളുടെയും പൂര്‍വ പിതാക്കന്മാരുടെയും ഭൂമിയുടെയും വോട്ടവകാശത്തിന്റെയും രേഖ ഹാജരാക്കണം. ഇത് ബഹുഭൂരിപക്ഷം പേര്‍ക്കും പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അസാധ്യമാണെന്നും രാജരത്‌ന അംബേദ്കര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ ഇന്ന് അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ പെട്ടന്ന് ലക്ഷ്യം കൈവരിച്ച് പിന്‍മാറാന്‍ സാധിക്കുന്നതല്ല.പൗരത്വ നിയമങ്ങളിലും നീക്കങ്ങളിലും ബിജെപിയും ആര്‍എസ്എസും നടത്തുന്ന കൈയേറ്റങ്ങള്‍ക്കപ്പുറം ഇന്ത്യ എന്ന രാജ്യത്തെയും ജനതയെയും ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെയും നിലനിര്‍ത്തുവാനും സംരക്ഷിക്കാനുമുള്ള ദീര്‍ഘകാല പ്രക്ഷോഭ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നീതിക്കായുള്ള ഈ സമരത്തില്‍ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അണി നിരക്കണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതിനും ശക്തിപെടുത്തുന്നതിനുമാണ് ജനുവരി 13 ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന വിവിധ മത സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ സംയുക്ത യോഗത്തില്‍ സംവിധാന്‍ സുരക്ഷ ആന്ദോളന്‍ രൂപീകരിച്ചത്. മൗലാന മുഹമ്മദ് വാലി റഹ്മാനി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ എം അബ്ദുര്‍ റഹ്മാന്‍ വിഷയാവതരണം നടത്തി.തുടര്‍ന്ന് പ്രതിനിധികള്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതോടെ പ്രക്ഷോഭങ്ങള്‍ അവസാനിക്കാന്‍ പാടില്ല. ഇത് ഒരു ഹ്രസ്വകാല പ്രതിഷേധമല്ല. മറിച്ച് ഒരു ദീര്‍ഘകാല ദൗത്യത്തിന്റെ ഭാഗമാണ്. പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ആര്‍എസ്എസ്, ബിജെപി, സഖ്യകക്ഷികളുടെ ദുര്‍ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് രാജ്യത്തെ, പ്രത്യേകിച്ച് ഭരണഘടനയെ രക്ഷിക്കുക എന്നതാണ്. ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടം സമുദായങ്ങള്‍, സാമൂഹിക സംഘടനകള്‍, മതവിഭാഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി ശക്തമായി തുടരും.

ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ (പ്രസിഡന്റ്, ലോക്ഷാസന്‍ ആന്ദോളന്‍), വാമന്‍ മെഷ്റാം (പ്രസിഡന്റ്, ബാംസെഫ്), മൗലാന കെ ആര്‍ സജ്ജാദ് നുമാനി (ഇസ്ലാമിക പണ്ഡിതന്‍),എം കെ ഫൈസി (പ്രസിഡന്റ്, എസ്ഡിപിഐ), ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ (ചീഫ്, ഭീം ആര്‍മി), ഫാ. സുസൈ സെബാസ്റ്റ്യന്‍ (അതിരൂപതാ വികാരി ജനറല്‍, ഡല്‍ഹി), മൗലാന ഉബൈദുല്ല ആസ്മി (മുന്‍ എംപി, ഖിദ്മത്തെ ഖല്‍ഖ്, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം),ഡോ. മൈക്കല്‍ വില്യംസ് (പ്രസിഡന്റ്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം), ഫാ. ഡെന്‍സില്‍ ഫെര്‍ണാണ്ടസ് (മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി) എന്നിവരെകൂടാതെ ദേശീയ കൗണ്‍സിലും രൂപീകരിച്ചു.രാജരത്‌ന അംബേദ്കര്‍ (പ്രസിഡന്റ്, ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ), മുഹമ്മദ് ഷഫി (എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. യാസ്മിന്‍ ഫാറൂഖി (ജയ്പൂര്‍) കണ്‍വീനറായി മൂന്ന് അംഗ ടീമിനെ പ്രസ്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്‍കി. കൂടുതല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി എല്ലാ ഫോറങ്ങളും വിപുലീകരിക്കും. ഫെബ്രുവരി 12 ന് ആന്ദോളന്‍ രാഷ്ട്രപതി ഭവനിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാജരത്‌ന അംബേദ്കര്‍ വ്യക്തമാക്കി.ആന്ദോളന്‍ ദേശീയ കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍ റഹിമാന്‍, ആന്ദോളന്‍ കേരള സംസ്ഥാന സംഘാടകന്‍ തുളസീധരന്‍ പള്ളിക്കല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it