Big stories

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സുപ്രിം കോടതി സ്റ്റേ ചെയ്തു

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സുപ്രിം കോടതി സ്റ്റേ ചെയ്തു
X

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സുപ്രിം കോടതി സ്റ്റേ ചെയ്തു. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ്മ ഉള്‍പ്പെടെ ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ സ്ഥാനക്കയറ്റമാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫിസര്‍മാരായ രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തേ, സ്ഥാനക്കയറ്റം സംബന്ധിച്ച് സുപ്രിം കോടതിയും വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഹര്‍ജി കോടതി പരിഗണനയിലിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാനക്കയറ്റമെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷായുടെ നിരീക്ഷണം. ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. സീനിയോറിറ്റി മാത്രം പരിഗണിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയിരതെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമായി പരിഗണിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it