പി വി അന്‍വറിന്‍റെ തടയണ മുഴുവൻ പൊളിക്കാൻ അന്ത്യശാസനവുമായി ഹൈക്കോടതി

തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കണം. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പി വി അന്‍വറിന്‍റെ തടയണ മുഴുവൻ പൊളിക്കാൻ അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പി വി അന്‍വറിന്‍റെ തടയണ മുഴുവൻ പൊളിക്കാൻ അന്ത്യശാസനവുമായി ഹൈക്കോടതി. മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള പിവിഎ റിസോർട്ടിനുള്ളിലെ വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കല്കടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പിവി അന്‍വറിന്‍റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്‍റ ഉടമസ്ഥയിലുള്ള സ്ഥലത്തെ തടയണയാണ് പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്. തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കണം.

നേരെത്തെ ഹരജി പരിഗണിച്ചപ്പോൾ തടയണ പൂർണമായി പൊളിച്ചു മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടന്നും നീരൊഴുക്ക് സുഗമമാക്കി എന്നുമായിരുന്നു സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ജില്ലാ കളക്ടറോട് തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ നൽകാൻ കോടതി നിർദേശിച്ചത്. തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ നാല് ഉരുൾപൊട്ടലുകൾ ഉണ്ടായതായും വിദഗ്ധ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. ഹരജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

മണ്‍സൂണ്‍ മഴക്കു മുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ കുടിവെള്ളത്തിന് ഉപയോഗിച്ചുവരുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്.

ഇത് പൊളിച്ചുനീക്കാന്‍ 2015 സപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടിരുന്നു. തൻറെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അബ്ദുള്‍ ലത്തീഫിൻറെ ഹരജിയിൽ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടിരുന്നു. ഈ സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തടയണ തകര്‍ന്നാല്‍ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top