തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു

ഇടത് വലത് മുന്നണികളിലെ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ആര്‍ഷവിദ്യാ സമാജവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നേതാക്കളുടെ മക്കളടക്കം കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ടിരുന്നുവെന്നും കേസിലെ ഒന്നാം പ്രതികൂടിയായ മനോജ് അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് തന്നെയാവാം പോലിസ്- നിയമസംവിധാനങ്ങളില്‍ നിന്ന് ഇദ്ദേഹത്തിനും ആര്‍എസ്എസ് ഇടിമുറികള്‍ക്കും ലഭിക്കുന്ന ആനുകൂല്യം.

തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് സ്വദേശിയായ യുവതി തൃപ്പൂണിത്തുറയിലെ ചൂരക്കാട് സാധനാ ശക്തികേന്ദ്രം എന്ന കേന്ദ്രത്തില്‍ നിന്നും സഹായമഭ്യര്‍ഥിച്ച് ഇറങ്ങി ഓടി. ഘര്‍വാപസി കേന്ദ്രം തന്നെയാണ് ഇതെന്ന് ദേശാഭിമാനി റിപോര്‍ട്ട് ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്. മതപരിവര്‍ത്തനം നടത്തുന്ന ഘര്‍വാപസി കേന്ദ്രങ്ങളെ പിടികൂടാന്‍ പോലിസിന് ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി 2017 ഡിസംബര്‍ 19 ന് പുറപ്പെടുവിച്ച വിധി കാറ്റില്‍പറത്തുകയാണ് പോലിസ്. വാര്‍ത്തകള്‍ പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലിസ് നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.


ഉദയംപേരൂര്‍ പഞ്ചായത്തില്‍ ശിവശക്തി യോഗാകേന്ദ്രം എന്ന പേരിലായിരുന്നു ഘര്‍വാപസി കേന്ദ്രം അഥവാ ആര്‍എസ്എസ് ഇടിമുറി. എന്നാല്‍, അവിടെ നിന്ന് പീഢനങ്ങള്‍ സഹിക്കാന്‍ കഴിയാതെ മൂന്ന് പെണ്‍കുട്ടികള്‍ പുറത്തുകടന്നതോടെയാണ് കേന്ദ്രത്തെ കുറിച്ച് പുറംലോകമറിയുന്നത്. പഞ്ചായത്ത് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അവിടെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. സ്ഥാപനത്തിനെതിരേ അഞ്ചിലധികം കേസുകള്‍ ഉദയംപേരൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രം പ്രവര്‍ത്തനസ്ഥലം മാറ്റിയത് തൃപ്പൂണിത്തുറ മേക്കരയിലെ ചൂരക്കാടേക്കാണ്. അവിടെയാണ് ഇപ്പോള്‍ സാധനാ ശക്തി കേന്ദ്രം എന്ന പേരില്‍ പേര് മാറ്റിയാണ് ആര്‍എസ്എസ് ഇടിമുറി പ്രവര്‍ത്തിക്കുന്നത്.


ഈ കേന്ദ്രത്തില്‍ തൃപ്പൂണിത്തുറ നഗരസഭ അധികൃതര്‍ 2017 ല്‍ തന്നെ റെയ്ഡ് നടത്തിയിരുന്നു. മാനസികരോഗ വിദഗ്ധരുടെ കുറിപ്പുകളും നിരവധി മാനസിക രോഗ വിദഗ്ധരുടെ വിസിറ്റിങ് കാര്‍ഡുകളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. സ്ഥാപനത്തില്‍ റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ രണ്ടുപേര്‍ക്ക് ചിക്കന്‍പോക്‌സും ഒരാള്‍ക്ക് ടിബിയും ഉണ്ടായിരുന്നു. അതിന്റെ രേഖകളും അന്ന് പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യയില്‍ നിന്നടക്കം മതം മാറി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച് മയക്കുമരുന്ന് നല്‍കി ബുദ്ധി മരവിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉണ്ടെന്ന വിവരം കോബ്രാ പോസ്റ്റ് സ്റ്റിങ് ഓപറേഷനിലൂടെ 2015ല്‍ പുറത്തുകൊണ്ടുവന്നിരുന്നു. ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് റെയ്ഡില്‍ കണ്ടെത്തിയതെന്ന് സാരം. എന്നിട്ടും പോലിസ് നിഷ്‌ക്രിയരായി എന്നതാണ് യാഥാര്‍ഥ്യം.

പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ഘര്‍വാപസി കേന്ദ്രം തലവന്‍ കെ ആര്‍ മനോജ് അടക്കമുള്ള പ്രതികള്‍ക്കെതിരേ കേസെടുത്തെങ്കിലും നിസാരകുറ്റങ്ങള്‍ മാത്രമാണ് ചാര്‍ത്തപ്പെട്ടത്. ഇടത് വലത് മുന്നണികളിലെ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ആര്‍ഷവിദ്യാസമാജവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നേതാക്കളുടെ മക്കളടക്കം കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ടിരുന്നുവെന്നും കേസിലെ ഒന്നാം പ്രതികൂടിയായ മനോജ് അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് തന്നെയാവാം പോലിസ്- നിയമസംവിധാനങ്ങളില്‍ നിന്ന് ഇദ്ദേഹത്തിനും ആര്‍എസ്എസ് ഇടിമുറികള്‍ക്കും ലഭിക്കുന്ന ആനുകൂല്യം.

1999 ല്‍ ആരംഭിച്ച ആര്‍ഷവിദ്യാസമാജം 2011-12 കാലത്താണ് ഹിന്ദു ഹെല്‍പ് ലൈനുമായി ബന്ധം സ്ഥാപിക്കുന്നത്. ഹിന്ദു ഹെല്‍പ് ലൈന്‍ കോ-ഓഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിന്റെ മുന്‍കൈയിലാണ് കൗണ്‍സിലിങ് എന്ന പേരില്‍ ആരംഭിച്ച ഘര്‍വാപസി പീഡനം അരങ്ങേറുന്നത്. ബിജെപി, ആര്‍എസ്എസ് പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഘര്‍വാപസി നടപ്പിലാക്കാനുള്ള ചുമതല കേരളത്തില്‍ സംഘപരിവാര നേതാക്കളെ ഒഴിവാക്കി സംഘടനയില്‍ ഇല്ലാത്ത പ്രതീഷിനെയാണ് ഏല്‍പിച്ചത്. ഘര്‍വാപസി കേന്ദ്രത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സാമ്പത്തിക സമാഹരണത്തിനും അതിനെ പ്രതിരോധിക്കാനും മുന്നിട്ടിറങ്ങിയത് പ്രതീഷ് ആയിരുന്നു. ഘര്‍വാപസിക്ക് പുറമെ ലൗ കുരുക്ഷേത്ര എന്ന പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റുന്ന പ്രവര്‍ത്തനം നടക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അന്ന് പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലിസിനെതിരേ വിമര്‍ശമുന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ആര്‍ഷവിദ്യാ സമാജത്തിലെ മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാര്‍ സ്ഥാപനത്തിനെതിരേ വെളിപ്പെടുത്തലുമായി രംഗത്തുവരുന്നതും ഇതേ കാലയളവിലാണ്. സ്ഥാപനത്തില്‍ അരങ്ങേറിയ പീഡനങ്ങള്‍ക്കെതിരേ പ്രതികരിച്ചതിനാണ് 2014 ല്‍ കൃഷ്ണകുമാര്‍ ഘര്‍വാപസി കേന്ദ്രത്തില്‍ നിന്ന് പുറത്താവുന്നത്. ശേഷം 2017 ല്‍ ഇയാള്‍ സ്ഥാപനത്തിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നപേരില്‍ പരാതി നല്‍കിയപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തൃപ്പൂണിത്തുറ സിഐ ആയിരുന്ന ഷിജുവായിരുന്നു ഇക്കാര്യത്തില്‍ മനോജിന് എല്ലാ ഒത്താശകളും ചെയ്തുനല്‍കിരിക്കുന്നത്. ഗൂഢാലോചനയ്ക്കും പീഡനത്തിനുമെതിരായ തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കൃഷ്ണകുമാര്‍ അന്ന് പോലിസിന് കൈമാറിയിരുന്നു. എന്നാല്‍, ഈ തെളിവുകള്‍ കൈയിലില്ലെന്നാണ് പോലിസ് മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് കൃഷ്ണകുമാറിനെ സിഐ ഷിജു സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ആര്‍ഷാവിദ്യാ സമാജത്തിനെതിരായ പരാതി പിന്‍വലിക്കാനും തെളിവുകള്‍ മുഴുവനും തിരികെ നല്‍കി പരസ്യമായി മാപ്പുപറയാനും ആവശ്യപ്പെടുകയുണ്ടായി.

ആദ്യ ആരോപണം ഉയര്‍ന്ന് രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് വീണ്ടും ഘര്‍വാപസി പീഢനം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഭരണകക്ഷിയിലുള്ള സ്ഥലം എംഎല്‍എ എം സ്വരാജ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടികളുണ്ടാവുന്നില്ല എന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. എസ്ഡിപിഐ, സോളിഡാരിറ്റി അടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഘര്‍വാപസി കേന്ദ്രം ജനകീയ അടച്ചുപൂട്ടലിന് വിധേയമാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top