Big stories

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന

റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. എന്നാല്‍, സ്പീക്കറുടെ നടപടി അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. നടപടിക്രമം പാലിക്കാതെയാണ് സ്പീക്കര്‍ എംഎല്‍എമാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന
X

തിരുവനന്തപുരം: കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന. റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. എന്നാല്‍, സ്പീക്കറുടെ നടപടി അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. നടപടിക്രമം പാലിക്കാതെയാണ് സ്പീക്കര്‍ എംഎല്‍എമാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കര്‍ ജനാധിപത്യബോധത്തോടെ പ്രവര്‍ത്തിക്കണം. സാമാന്യനടപടിക്രമം പോലും സ്പീക്കര്‍ പാലിച്ചില്ല. നടപടി വിവരം കക്ഷിനേതാക്കളുടെ യോഗത്തെ അറിയിച്ചില്ലെന്നും രാജഗോപാല്‍ പറഞ്ഞിട്ടാണ് തീരുമാനമെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍, അച്ചടക്ക നടപടി ജനാധിപത്യബോധത്തോടെ അംഗീകരിക്കണമെന്നായിരുന്നു സ്പീക്കറുടെ മറുപടി. എംഎല്‍എമാര്‍ സഭ സുഗമമായി നടത്താന്‍ അനുവദിക്കാതിരുന്നതിനാലാണ് നടപടിയെടുത്തതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെ സ്പീക്കറുടെ നടപടിയെ ചോദ്യംചെയ്തു. പോലിസിനെതിരേയും സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതെത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങി. സഭയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. എംഎല്‍എയെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ മുതല്‍ പ്രതിഷേധിച്ചിരുന്നു.

പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല. തുടര്‍ന്ന് പോലിസുകാര്‍ക്കെതിരേ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഒടുവില്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു. വാളയാര്‍, മാര്‍ക്ക് ദാന തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ച് കെഎസ്‌യു നടത്തിയ മാര്‍ച്ചിനിടെയാണ് ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവര്‍ക്കെതിരേ പോലിസ് മര്‍ദനമുണ്ടായത്. ബുധനാഴ്ച ഷാഫി പറമ്പിലിന്റെ ചോരപുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളംവച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സ്പീക്കറുടെ ഡയസിലും കയറി പ്രതിഷേധിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it