Big stories

പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് അതിക്രമം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പോലിസ് രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അകലം പാലിക്കലിനെ ദുരുപയോഗം ചെയ്ത് ആക്ടിവിസ്റ്റുകളെ ലക്ഷ്യംവെക്കുന്നത് ഖേദകരമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരായ പോലിസ് അതിക്രമം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഡെല്‍ഹി പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് സുപ്രിം കോടതിയുടെ സ്വമേധയാ ഇടപെടല്‍ ആവശ്യപ്പെട്ട് സംവിധാന്‍ സുരക്ഷാ ആന്തോളന്റെ നേതൃത്വത്തില്‍ 26 പൗരാവകാശ പ്രസ്ഥാന നേതാക്കള്‍ സംയുക്ത ഹരജി നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പോലിസ് രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അകലം പാലിക്കലിനെ ദുരുപയോഗം ചെയ്ത് ആക്ടിവിസ്റ്റുകളെ ലക്ഷ്യംവെക്കുന്നത് ഖേദകരമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക, പൗരാവകാശ പ്രവര്‍ത്തകരെ പ്രത്യേകിച്ച് ഡല്‍ഹിയില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നത് പോലിസ് തുടരുകയാണ്. 2019 ഡിസംബര്‍ 15ന് ജാമിയ മിലിയ്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച ഡല്‍ഹി പോലിസ് അതേ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് ആശങ്കാജനകമാണ്. വിരോധാഭാസമെന്നു പറയട്ടെ അന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരു പോലിസുകാരനെതിരേ പോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ മുസ്ലിംകളെ ലക്ഷ്യംവെച്ച് ആസൂത്രണം ചെയ്ത സംഘപരിവാര ആക്രമണമായിരുന്നെന്നത് വളരെ വ്യക്തമാണ്. മുസ്ലിംകളെ ആക്രമിക്കാന്‍ ആള്‍ക്കൂട്ടങ്ങളെ ഇളക്കിവിട്ട കപില്‍ മിശ്രയെ പോലുള്ള ബിജെപി നേതാക്കളെ കയറൂരി വിട്ട് സാധാരണക്കാരും നിരപരാധികളുമായ മുസ്ലിംകളുടെ മേല്‍ കലാപത്തിന്റെ ഉത്തരവാദിത്വം കെട്ടിവെക്കുകയാണ് ഡല്‍ഹി പോലിസ്.

വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗാറിനെയും അറസ്റ്റുചെയ്യുകയും ഭീകര നിയമമായ യുഎപിഎ ചുമത്തുകയും ചെയ്തിരിക്കുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെയും തടവിലിട്ടിരിക്കുകയാണ്.

ജാമിഅ മില്ലിയയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഷെഫി ഉര്‍ റഹ്മാനെയും അടുത്ത ദിവസം അറസ്റ്റു ചെയ്തു. എഎപി നേതാവായിരുന്ന അറസ്റ്റിലായ താഹിര്‍ ഹുസൈനെതിരേയും യുഎപിഎ ചുമത്തിയിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് പര്‍വേസ് അഹ്മദ്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഇല്യാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജമായ കുറ്റങ്ങള്‍ ആരോപിച്ചും ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയും അറസ്റ്റുചെയ്തിരിക്കുകയാണ്. നിരപരാധികളായ നിരവധി പ്രദേശവാസികളായ മുസ്‌ലിംകള്‍ ജയിലിനുള്ളലാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തിയാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. അവര്‍ക്കെതിരേ നേരിട്ട് ബന്ധപ്പെടുത്താന്‍ തെളിവില്ലെങ്കിലും ഗൂഢാലോചന, കലാപത്തിനു പ്രചോദനം നല്‍കി, ആസൂത്രണം ചെയ്തു, സാമ്പത്തിക സഹായം നല്‍കി തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

കൊവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ നിസ്സഹായത ദുരുപയോഗം ചെയ്ത് വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനും പൗരാവകാശ പ്രവര്‍ത്തകരെ നിശബ്ദമാക്കാനുമാണ് ഡല്‍ഹി പോലിസ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യപരവും അധികാര ദുര്‍വിനിയോഗവുമാണ് ഡല്‍ഹി പോലിസിന്റെ അടിച്ചമര്‍ത്തലുകളുടെ അടിസ്ഥാനം. ഇനി ഉന്നത നീതി പീഠത്തില്‍ മാത്രമാണ് പ്രതീക്ഷയെന്നും പരമോന്നത കോടതി സ്വമേധയാ അടിയന്തരമായി ഇടപെട്ട് ഡല്‍ഹി പോലിസിന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് അറുതിവരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളോട് വിയോജിക്കാനുള്ള പൗരന്റെ അവകാശം വിനിയോഗിച്ച്് എന്‍ആര്‍സി, എന്‍പിആര്‍, സിഎഎ എന്നിവയ്ക്കെതിരേ രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങള്‍ കൊറോണ വ്യാപനം ഭീതിപടര്‍ത്തുന്നതുവരെ തുടര്‍ന്നുവന്നിരുന്നു. സെന്‍സസ് പ്രക്രിയയുടെ ഭാഗമായി വീടുകളുടെ പട്ടിക തയ്യാറാക്കി എന്‍പിആറുമായി ബന്ധിപ്പിക്കാന്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മാറ്റിവെച്ചിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവുമെന്ന പ്രതീക്ഷയും ഹരജി പങ്കുവച്ചു.

രാജ രത്നം അംബേദ്കര്‍, മുഹമ്മദ് ഷഫി, ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍, ഡോ. ഡെല്‍സില്‍ ഫെര്‍ണാണ്ടസ്, മൗലാനാ സയ്യിദ് മുഹമ്മദ് വാലി റഹ്മാനി, പ്രഫ. എ മാര്‍ക്സ്, മൗലാനാ കെ ആര്‍ സജ്ജാദ് നൊമാനി, ചന്ദ്രശേഖര്‍ ആസാദ്, ഫാ. സൂസൈ സെബാസ്റ്റ്യന്‍, പ്രഫ. നിവേദിത മേനോന്‍, ഒഎംഎ സലാം, മൗലാനാ ഉബൈദുല്ലാ ഖാന്‍ ആസ്മി, സെയ്ദ് സര്‍വാര്‍ ചിഷ്തി, എം കെ ഫൈസി, ഹെന്‍ റി തിഫന്‍ജ്, ലെനിന്‍ രഘുവന്‍ഷി, ഡോ. അസ്മ സഹ്‌റ, അഡ്വ. മഹ്മദൂദ് പ്രാച്ച, അഡ്വ. ആരിഫ് മസൂദ്, രാകേഷ് രഞ്ജന്‍, ദേവിക മിത്തല്‍, ഖാലിദ് സെയ്ഫുല്ല, ഭായ് തേജ് സിങ്, സഞ്ജീവ്, അക്രീദി ഭാട്ടിയ, പ്രഫ. സുലൈമാന്‍ എന്നിവരാണ് ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it