യൂനിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം; പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് നിഖില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല.

യൂനിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം; പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലിസ് വീണ്ടും മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്‌ഐ യൂനിറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

കോളജിലെ എസ്എഫ്‌ഐ നേതൃത്വത്തില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്റെ പേരിലാണ് മുന്‍ വിദ്യാര്‍ഥിനി നിഖില ആത്മഹത്യാ ശ്രമം നടത്തിയത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ജനകീയ ജുഡിഷ്യല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്റെ കണ്ടെത്തല്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സേവ് എഡ്യൂക്കേഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ജനകീയ ജുഡിഷ്യല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ആണ് ജസ്റ്റിസ് പി കെ ഷംസുദീന്‍. കോളജില്‍ മറ്റൊരു വിദ്യാര്‍ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കില്ലെന്നും തികഞ്ഞ അരാജകത്വമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ നടക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം സര്‍ക്കാരിനും യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, എസ്എഫ്‌ഐക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ തന്നെ ബാധിക്കുമെന്ന് യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനി നിഖില. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാക്രമക്കേടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതു പലരും തന്നോടും പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതു പുറത്തുപറഞ്ഞാല്‍ തന്റെ ജീവിതത്തെ ബാധിക്കുമെന്നും നിഖില പറഞ്ഞു.

സമരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടായ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്എഫ്‌ഐ യൂനിറ്റ് അംഗങ്ങളും പ്രിന്‍സിപ്പാളുമാണെന്ന് നിഖില ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചുവെന്നും എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നിഖില പറയുന്നു.

യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് നിഖില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂനിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്നും നിഖില പറഞ്ഞു.

RELATED STORIES

Share it
Top