Big stories

പൗരത്വ പ്രക്ഷോഭം: രണ്ട് വനിതാ വിദ്യാര്‍ഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം നടത്തിയത്.

പൗരത്വ പ്രക്ഷോഭം: രണ്ട് വനിതാ വിദ്യാര്‍ഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത രണ്ട് വനിതാ വിദ്യാര്‍ഥി നേതാക്കളെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. പിംജറാ തോഡ് എന്ന വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം നടത്തിയത്. അറസ്റ്റിലായ ഇരുവരും ജെഎന്‍യു വിദ്യാര്‍ഥികളാണ്. ഇന്ത്യൻ ശിക്ഷാ നിയമം 186, 353 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകുന്നേരം ആറുമണിയോടെയാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് പിംജറാ തോഡ് പ്രസ്താവനയിൽ പറഞ്ഞു.


ജാഫ്രാബാദ് പോലിസ് അവരുടെ വീടുകളിൽ നിന്ന് പ്രത്യേക സെൽ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലിസ് കുടുംബാം​ഗങ്ങളോട് കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് സംഘടന അവകാശപ്പെട്ടു. കലിത സെന്റർ ഫോർ വിമൻസ് സ്റ്റഡീസിൽ എംഫിൽ വിദ്യാർഥിനിയാണ്. നർവാൾ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ പിഎച്ച്ഡി വിദ്യാർഥിനിയും. ഡൽഹിയിലെ കോളേജുകളിലെയും സർവകലാശാലകളിലെയും ഹോസ്റ്റൽ കർഫ്യൂവിനെ എതിർത്ത് 2015 ൽ രൂപീകരിച്ച പിംജറ തോഡിന്റെ സ്ഥാപക അംഗങ്ങളാണ് ഇരുവരും.

അറസ്റ്റിലായ ഇവരെ ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. നേരത്തെ, ഇതേ സമരവുമായി ബന്ധപ്പെട്ട് ജാമിഅ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാര്‍ഥികളെയാണ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ യുഎപിഎ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it