Big stories

അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവയ്പ്പ്; അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു -വെടിവച്ചത് സൗദി പൗരനാണെന്ന് യുഎസ്

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ സൗദി പൗരനും കൊല്ലപ്പെട്ടു.

അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവയ്പ്പ്;   അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു   -വെടിവച്ചത് സൗദി പൗരനാണെന്ന് യുഎസ്
X

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ സഖ്യകക്ഷികള്‍ക്കായി തുറന്നിരിക്കുന്ന നാവികസേന കേന്ദ്രത്തില്‍ സൗദി പൗരന്റെ വെടിയേറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ സംഭവസ്ഥലത്തു വെച്ചുതന്നെ കൊലപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്‌ലോറിഡയിലെ പെന്‍സകോളയിലുള്ള നേവല്‍ എയര്‍ സ്റ്റഷനില്‍ വിമാനം പറത്താന്‍ പരിശീലിക്കുന്ന സൗദി പൗരനാണ് വെടി ഉതിര്‍ത്തത്. വെള്ളിയാഴ്ച്ച രാവിലെ ക്ലാസ് റൂമിലെത്തിയ സൗദി പൗരന്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ സൗദി പൗരനും കൊല്ലപ്പെട്ടു.

മുഹമ്മദ് സയീദ് അല്‍ശംമ്രാനി എന്നയാളാണ് അക്രമി എന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് അടക്കമുളള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ സൗദിയില്‍ നിന്നുള്ള സേനാംഗങ്ങള്‍ അമേരിക്കയില്‍ പരിശീലനത്തിന് എത്തിയിരുന്നു. ഇവരില്‍ ഉള്‍പ്പെട്ടയാളാണോ അക്രമിയെന്ന് അന്വേഷിക്കുന്നതായി യുഎസ് അധികൃതര്‍ അറിയിച്ചു.

രാവിലെ 6.51നാണ് വെടിവയ്പ്പ് നടക്കുന്നതായ വിവരം ലഭിച്ചത്. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടി ഉതിര്‍ത്തത്. രണ്ട് നിലകളുള്ള കെട്ടിടത്തിലെ ക്ലാസ് റൂമിലാണ് വെടിവയ്പ്പ് നടന്നെന്നും അധികൃതര്‍ പറഞ്ഞു.

ഫ്‌ലോറിഡയുടെ അതിര്‍ത്തിക്കടുത്തുള്ള പെന്‍സകോള നാവികസേനയുടെ ഒരു പ്രധാന പരിശീലന കേന്ദ്രമാണ്. ഇവിടെ 16,000 സൈനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞെട്ടല്‍ രേഖപ്പെടുത്തി. നാവിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതായും ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തിയതായും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വെടിവെപ്പ് നടത്തിയ അക്രമി പ്രതിനിധീകരിക്കുന്നത് സൗദി അറേബ്യയെ അല്ലെന്ന് സൗദി ഭരണാധികാരി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it