Big stories

പാലത്തായി ബാലികാ പീഡനം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

ഐജി എസ് ശ്രീജിത്തിനു അന്വേഷണ ചുമതല

പാലത്തായി ബാലികാ പീഡനം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്
X
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. നേരത്തേ, തലശ്ശേരി ഡി വൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്. എന്നാല്‍, പ്രതിയും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കുനിയില്‍ പത്മരാജനെ അറസ്റ്റ് ചെയ്ത് എട്ടുദിവസം പിന്നിട്ടിട്ടും കസ്റ്റേഡിയില്‍ വാങ്ങാനോ ഒളിവില്‍ താമസിപ്പിച്ച ബിജെപി നേതാവായ ബന്ധുവിനെതിരേ കേസെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല. തുടക്കം മുതല്‍ പോലിസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മറ്റും ഇടപെടലിലൂടെയാണ് അറസ്റ്റ് നടപടികളിലേക്കെത്തിയത്. പാനൂര്‍ മുന്‍ സി ഐ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ രക്ഷിക്കാനും പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്ത് മാനസികമായി തളര്‍ത്താനും ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. പോലിസ് യൂനിഫോമിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും പെണ്‍കുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതും എട്ടിലേറെ തവണ ചോദ്യം ചെയ്തതുമെല്ലാം വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. എന്നാല്‍, ലോക്ക് ഡൗണിന്റെ പേരുപറഞ്ഞ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയ പോലിസ് ജനകീയ പ്രതിഷേധത്തിനും ശിശു ക്ഷേമ മന്ത്രി കെ കെ ശൈലജയുടെ വിമര്‍ശനത്തിനുമൊടുവിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് ബിജെപി ശക്തികേന്ദ്രമായ പൊയ്‌ലൂരില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരയായ പെണ്‍കുട്ടിയെ കോഴിക്കോട്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയതും സ്ഥലംമാറ്റപ്പെട്ട പാനൂര്‍ മുന്‍ സി ഐ ശ്രീജിത്ത് ഈ സമയം അവിടെയെത്തിയതും ഏറെ ദുരൂഹമായിരുന്നു. പ്രതിഷേധങ്ങള്‍ കനത്തതോടെ ഡിവൈഎസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ 11 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ അസാധാരണമാം വിധം നീളുകയായിരുന്നു. പോക്‌സോ കേസിലെ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് തുടക്കംമുതല്‍ പുറത്തുവന്നിരുന്നു.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചതെന്നാണ് കേസ്.

കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും അറസ്റ്റ് നീളുകയായിരുന്നു. അതിനിടെ, പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി അധ്യാപകനെതിരേ നല്‍കിയ മൊഴി പുറത്തുവന്നതോടെയാണ് പാലത്തായി പീഡനക്കേസ് വീണ്ടും ശ്രദ്ധനേടിയത്. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പത്മരാജനെ ബിജെപി പാര്‍ട്ടി ചുമതലകളില്‍നിന്ന് മാറ്റിയെങ്കിലും പിന്തുണയുമായി രംഗത്തുണ്ട്. മാത്രമല്ല, പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന വിധത്തില്‍ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലടക്കം അപവാദപ്രചാരണങ്ങളും നടത്തിയിരുന്നു.


Next Story

RELATED STORIES

Share it