Big stories

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ചിഹ്‌നം 'കൈതച്ചക്ക'

കേരള കോണ്‍ഗ്രസ്- എമ്മിലെ ജോസ് കെ മാണി- പി ജെ ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം പാര്‍ട്ടി ചിഹ്‌നമായ 'രണ്ടില' ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് മുഖ്യ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എസ് ശിവപ്രസാദ് ആണ് 'കൈതച്ചക്ക' ചിഹ്‌നം അനുവദിച്ചത്.

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ചിഹ്‌നം കൈതച്ചക്ക
X

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'കൈതച്ചക്ക'' ചിഹ്‌നം അനുവദിച്ചു. കേരള കോണ്‍ഗ്രസ്- എമ്മിലെ ജോസ് കെ മാണി- പി ജെ ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം പാര്‍ട്ടി ചിഹ്‌നമായ 'രണ്ടില' ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് മുഖ്യ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എസ് ശിവപ്രസാദ് ആണ് 'കൈതച്ചക്ക' ചിഹ്‌നം അനുവദിച്ചത്.

ഓട്ടോറിക്ഷ, കൈതച്ചക്ക, ഫുട്‌ബോള്‍ എന്നിവയില്‍ ഏതെങ്കിലും ചിഹ്‌നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. മറ്റു രണ്ടു സ്വതന്ത്രന്‍മാര്‍കൂടി ഓട്ടോറിക്ഷ ചിഹ്‌നമായി ആവശ്യപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ആദ്യം നാമനിര്‍ദേശപത്രിക നല്‍കിയ ആള്‍ക്കാണ് ചിഹ്‌നം ലഭിക്കുക. ഈ സാചര്യത്തില്‍ ജോസ് ടോമിന് മുമ്പ് പത്രിക സമര്‍പ്പിച്ച ബാബു ജോസഫ് എന്ന സ്ഥാനാര്‍ഥിക്ക് ഓട്ടോറിക്ഷ ചിഹ്‌നം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാമത്തെ ചിഹ്‌നമായ 'കൈതച്ചക്ക' ജോസ് ടോമിന് അനുവദിച്ചത്.

വോട്ടിങ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതായിട്ടാവും പ്രദര്‍ശിപ്പിക്കുക. വോട്ടിങ് മെഷീനില്‍ ആദ്യപേര് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റേതാണ്. രണ്ടാമത് ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിയുടേതാണ്. കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില നല്‍കുന്നതുമായി ബന്ധപ്പെട്ട് പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുണ്ടായ തര്‍ക്കമാണ് ജോസ് ടോമിന് പാര്‍ട്ടി ചിഹ്‌നം നഷ്ടപ്പെടുന്നതിലേയ്ക്ക് നയിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളിയതോടെ യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മല്‍സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന് ക്ലോക്കാണ് ചിഹ്‌നമായി ലഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിക്ക് താമരയും ചിഹ്‌നമായി നല്‍കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ പാലാ ഉപതിരഞ്ഞെടുപ്പിലെ മല്‍സരചിത്രവും തെളിഞ്ഞിരിക്കുകയാണ്. ജോസ് ടോം അടക്കം 13 സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്‌നം ഏതായാലും ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പ്രതികരിച്ചു. കെ എം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മല്‍സരിക്കുന്നത്. സ്ഥാനാര്‍ഥിയും പാര്‍ട്ടിയും നോക്കിയാണ് വോട്ട്. കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it