Big stories

യുഡിഎഫിന്റെ അനുനയ ചര്‍ച്ച ഫലം കണ്ടു; പാലായില്‍ ജോസഫ് പ്രചാരണത്തിനെത്തും

ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയ മോന്‍സ് ജോസഫ് എംഎല്‍എയാണ് പാലായില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്നും നേതൃത്വത്തെ അറിയിച്ചത്. ഓണത്തിനുശേഷം പാലായില്‍ പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ അനുനയ ചര്‍ച്ച ഫലം കണ്ടു; പാലായില്‍ ജോസഫ് പ്രചാരണത്തിനെത്തും
X

കോട്ടയം: കേരള കോണ്‍ഗ്രസ്- എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി നടത്തിയ അനുനയ ചര്‍ച്ച ഫലംകണ്ടു. പാലായില്‍ ഒറ്റയ്ക്കുള്ള പ്രചാരണമെന്ന രീതിയില്‍നിന്ന് പിന്‍മാറുന്നതായി ജോസഫ് വിഭാഗം വ്യക്തമാക്കി. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയ മോന്‍സ് ജോസഫ് എംഎല്‍എയാണ് പാലായില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്നും നേതൃത്വത്തെ അറിയിച്ചത്. ഓണത്തിനുശേഷം പാലായില്‍ പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇനി അനിഷ്ടസംഭവങ്ങളുണ്ടാവില്ലെന്ന് പി ജെ ജോസഫ് വിഭാഗത്തിന് യുഡിഎഫ് നേതൃത്വം ഉറപ്പുനല്‍കി. അതിന്റെ ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുന്നതായും ബെന്നി ബെഹന്നാന്‍ വിശദീകരിച്ചു. യുഡിഎഫില്‍ അസ്വസ്ഥതയുണ്ടാക്കി പാലായില്‍ വിജയിക്കാമെന്ന് കോടിയേരി ബാലകൃഷ്ണനും കരുതേണ്ട. ആ പരിപ്പ് ഇവിടെ വേവില്ല. മുന്നണിയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫ് മുന്‍കൈയെടുത്ത് പരിഹരിക്കും. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പി ജെ ജോസഫിനെതിരേയുണ്ടായ കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാനാവില്ല. അത്തരം അനിഷ്ടസംഭവങ്ങളെ യുഡിഎഫ് ന്യായീകരിക്കുന്നുമില്ല. ഇനിമുതല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം കഴിഞ്ഞ തവണത്തെക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. തിരുവോണത്തിനുശേഷം രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. പി ജെ ജോസഫ് ഉള്‍പ്പെടെയുള്ള എല്ലാ യുഡിഎഫ് നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. കോട്ടയം ഡിസിസിയി ഓഫിസിലാണ് അനുനയ ചര്‍ച്ച നടന്നത്. ബെന്നി ബെഹന്നാനെയും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയുമാണ് ജോസഫിന്റെ അതൃപ്തി പരിഹരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ്, ടി യു കുരുവിള, ജോയ് എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തിങ്കളാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും യുഡിഎഫ് കണ്‍വീനറുടെ അസൗകര്യത്തെത്തുടര്‍ന്ന് മാറ്റിയിരുന്നു. കെ എം മാണിയുടെ നിര്യാണത്തിനുശേഷം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത പോര് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രൂക്ഷമായത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ചെയര്‍മാന്റെ ഒഴിവില്‍ വര്‍ക്കിങ് ചെയര്‍മാനാണ് ചെയര്‍മാന്റെ പദവി വഹിക്കുകയെന്ന് ജോസഫും വാദിച്ചു. ഒടുവില്‍ ഒരുവിഭാഗം യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇത് ജോസഫ് വിഭാഗം കോടതിയില്‍ ചോദ്യംചെയ്തതോടെ ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടി കോടതി തടഞ്ഞു.

കേസ് കോടതിയില്‍ നിലനില്‍ക്കവെയാണ് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്. പിന്നെ സ്ഥാനാര്‍ഥിയെച്ചൊല്ലിയായി തര്‍ക്കം. ജോസ് കെ മാണിയുടെ കുടുംബത്തില്‍നിന്ന് നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ ജോസഫ് വിഭാഗം ശക്തമായി രംഗത്തുവന്നതോടെ യുഡിഎഫ് ഇടപെട്ടാണ് ജോസ് ടോമിനെ പാലായില്‍ നിശ്ചയിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്‌നം ജോസ് ടോമിന് വിട്ടുകൊടുക്കില്ലെന്ന് നിലപാടെടുത്ത ജോസഫ്, പാലായില്‍ വിമതനായി ജോസഫ് കണ്ടത്തിലിനെ രംഗത്തിറക്കിയത് ജോസ് കെ മാണിക്കും യുഡിഎഫിനും കനത്ത വെല്ലുവിളിയായി.

ഒടുവില്‍ വിമതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചെങ്കിലും ജോസ് ടോം കൈതച്ചക്ക ചിഹ്‌നത്തില്‍ സ്വതന്ത്രനായി മല്‍സരിക്കേണ്ടിവന്നു. തുടര്‍ന്നാണ് പാലായിലെ യുഡിഎഫ് കണ്‍വന്‍ഷനില്‍ ജോസഫിനെതിരേ കൂക്കിവിളിയുണ്ടാവുന്നതും പാര്‍ട്ടി മുഖമാസികയായ പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിക്കുന്നതും. ഇതോടെ പാലായില്‍ ഒരുമിച്ച് പ്രചാരണത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചത്. വിഷയം കൈവിട്ടുപോവുമെന്ന സാഹചര്യത്തിലെത്തിയപ്പോഴാണ് യുഡിഎഫ് സമവായചര്‍ച്ചയ്ക്ക് മുതിര്‍ന്നത്. പാലായില്‍ ജോസ് ടോമിന്റെ വിജയത്തിനായി ഒരുമിച്ചുപ്രവര്‍ത്തിക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ ഉറപ്പിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

Next Story

RELATED STORIES

Share it