Big stories

പാലാ വീണ്ടും അങ്കത്തിന്; കച്ചമുറുക്കി മുന്നണികള്‍

സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി നേതൃത്വങ്ങള്‍. പാലായിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ലെ ചേരിപ്പോരില്‍ മണ്ഡലം കൈവിട്ടുപോവുമോയെന്ന ആശങ്കയിലാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് പ്രസ്താവനാ യുദ്ധം തുടങ്ങിക്കഴിഞ്ഞു.

പാലാ വീണ്ടും അങ്കത്തിന്; കച്ചമുറുക്കി മുന്നണികള്‍
X

യുഡിഎഫിന് തലവേദനയായി കേരള കോണ്‍ഗ്രസിലെ പോര്

കോട്ടയം: കെ എം മാണിയുടെ തട്ടകമായ പാലാ അരനൂറ്റാണ്ടിനുശേഷമാണ് പുതിയ ജനപ്രതിനിധിയെ വരവേല്‍ക്കാനൊരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മണ്ഡലം പിടിക്കാന്‍ അരയും തലയും മുറുക്കി പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് അക്ഷരാര്‍ഥത്തില്‍ മുന്നണികളെ ഞെട്ടിച്ചു. ബുധനാഴ്ച പത്രികസമപ്പണം ആരംഭിച്ച് സപ്തംബര്‍ നാലിന് അവസാനിക്കുമെന്ന രീതിയിലാണ് സമയക്രമം. അതുകൊണ്ടുതന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവട്ടെ ആകെയുള്ളത് 29 ദിവസങ്ങള്‍. അതിനിടയിലാണ് ഓണക്കാലം.

സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി നേതൃത്വങ്ങള്‍. പാലായിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) ലെ ചേരിപ്പോരില്‍ മണ്ഡലം കൈവിട്ടുപോവുമോയെന്ന ആശങ്കയിലാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് പ്രസ്താവനാ യുദ്ധം തുടങ്ങിക്കഴിഞ്ഞു. കെ എം മാണിയുടെ കുടുംബത്തില്‍നിന്ന് ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായം.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോസ് കെ മാണി ചെയര്‍മാനായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി പരസ്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത കൂടുതല്‍. സമീപകാലത്ത് മണ്ഡലം കേന്ദ്രീകരിച്ച് നിഷ നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് അണിയറസംസാരമുണ്ട്. അതേസമയം, സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം ജോസഫ് തള്ളിക്കളയുകയും ചെയ്തു.

പാലാ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലും തര്‍ക്കം പരിഹരിക്കാനായില്ല. ഇതോടെയാണ് ഇരുവിഭാഗവുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയായത്. പാലാ മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കെ എം മാണിക്കൊപ്പംനിന്ന സീറ്റ് നിലനിര്‍ത്തുകയെന്നത് യുഡിഎഫിന്റെ അഭിമാനപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും പാലായില്‍ യോജിച്ച് പോരാടുമെന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതി വിധി തള്ളണമെന്നാവശ്യപ്പെട്ട് കട്ടപ്പന സബ് കോടതിയില്‍ ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജിയില്‍ ചൊവ്വാഴ്ചയാണ് വിധി പറയുന്നത്.

ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് കോടതിയുടെ തീര്‍പ്പും നിര്‍ണായകമാണ്. എന്‍സിപിയുടെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. മാണിയോട് ഒന്നിലേറെ തവണ ഏറ്റുമുട്ടി ഭൂരിപക്ഷം ഗണ്യമായി കുറക്കാനായെന്നതും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും തുണയാവുമെന്നാണ് മാണി സി കാപ്പന് അനുകൂലമാവുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടെന്നും തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം. റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ കെ പി ജയസൂര്യന്‍, എന്‍ കെ നാരായണന്‍ നമ്പൂതിരി എന്നിവരുടെ പേരും സജീവമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മല്‍സരിക്കാന്‍ തയ്യാറാണെന്ന് പി സി തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്‍ഡിഎക്ക് നല്ല വിജയസാധ്യതയാണ് പാലാ മണ്ഡലത്തിലുള്ളത്. കേരള കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ സ്ഥാനാര്‍ഥിത്വംകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി സി തോമസ് പറയുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ എം മാണി 4,703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന് 58,884 വോട്ടും എല്‍ഡിഎഫിന് 54,181 വോട്ടും എന്‍ഡിയ്ക്ക് 24,821 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച 2019 ലെ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തില്‍ ആകെ 1,77,550 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 90,514 സ്ത്രീകളും 87,036 പുരുഷന്‍മാരും ഉള്‍പ്പെടും.

Next Story

RELATED STORIES

Share it