Big stories

പാലാ ഉപതിരഞ്ഞെടുപ്പ്: 1.79 ലക്ഷം വോട്ടര്‍മാര്‍ തിങ്കളാഴ്ച ബൂത്തിലേക്ക്; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

മണ്ഡലത്തിലെ 176 പോളിങ് ബൂത്തുകളിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. വോട്ടിങ് മെഷീന്‍ ഉള്‍പ്പടെയുള്ള സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍നിന്നും ആരംഭിക്കും.

പാലാ ഉപതിരഞ്ഞെടുപ്പ്: 1.79 ലക്ഷം വോട്ടര്‍മാര്‍ തിങ്കളാഴ്ച ബൂത്തിലേക്ക്; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍
X

കോട്ടയം: ഒരുമാസം നീണ്ടുനിന്ന വീറും വാശിയുമേറിയ പ്രചാരണത്തിനൊടുവില്‍ പാലായിലെ 1,79,107 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനായി തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തും. ആകെയുള്ള വോട്ടര്‍മാരില്‍ 87,729 പുരുഷന്‍മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയിലെ വോട്ടര്‍പട്ടികയില്‍ 89 ഓവര്‍സീസ് വോട്ടര്‍മാരും 152 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ഇത്തവണ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് പേപ്പറാണ് (ഇടിപിബിഎസ്) നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു.

മണ്ഡലത്തിലെ 176 പോളിങ് ബൂത്തുകളിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. വോട്ടിങ് മെഷീന്‍ ഉള്‍പ്പടെയുള്ള സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ 8 മണി മുതല്‍ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍നിന്നും ആരംഭിക്കും. പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ കൂട്ടലും കിഴിക്കലും നടത്തുന്ന തിരക്കിലാണ് മുന്നണികള്‍.

ശനിയാഴ്ച ശ്രീനാരായണഗുരു സമാധി ആയതിനാല്‍ പരസ്യപ്രചാരണം വെള്ളിയാഴ്ച കൊട്ടിക്കലാശത്തോടെ അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിച്ചിരുന്നു. അതുകൊണ്ട് മണ്ഡലത്തില്‍ പരസ്യ പൊതുയോഗങ്ങളും അനൗണ്‍സ്‌മെന്റുകളുമുണ്ടായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി. രാവിലെ മുതല്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു മുന്നണി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും.

ഞായറാഴ്ച നിശബ്ദപ്രചാരണമാണ്. ഇന്നും മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനായിരിക്കും അവര്‍ ശ്രമിക്കുക. വോട്ടെടുപ്പ് സമാപിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951 ലെ ജനപ്രാതിനിധ്യനിയമം 126ാം വകുപ്പ് പ്രകാരം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. രാഷ്ട്രീയസ്വഭാവമുള്ള ബള്‍ക്ക് എസ്എംഎസുകളും റേഡിയോ സന്ദേശങ്ങളും മറ്റ് മാധ്യമപ്രചാരണങ്ങളും നിരോധിച്ചു. 21ന് വൈകീട്ട് ആറുമണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 23ന് വൈകിട്ട് 6 വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനവും ഏര്‍പ്പെടുത്തി.

മണ്ഡലത്തില്‍ 13 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള പുതുതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച മാര്‍ക്ക് ത്രി വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും ആദ്യഘട്ട പരിശോധന കഴിഞ്ഞു. 5 ശതമാനം മെഷീനുകളില്‍ 1,000 വോട്ട് വീതം ചെയ്ത് മോക് പോള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനില്‍ ഉപയോഗിക്കുക. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, മെഷീന്‍ തകരാറുകള്‍, കൃത്യമായ ഇടവേളകളിലെ പോളിങ് ശതമാനം എന്നിവ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിന് പോള്‍ മാനേജര്‍ ആപ്ലിക്കേഷനും തയ്യാറാണ്. 27ന് പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 14 ടേബിളുകളിലായി 13 വീതം റൗണ്ടാണ് വോട്ടെണ്ണലിനായി നിശ്ചിയിച്ചിരിക്കുന്നത്.

കാഴ്ചവൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പര്‍

കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായം കൂടാതെ വോട്ടുചെയ്യുന്നതിന് ഒരോ പോളിങ് ബൂത്തിലും ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമാക്കും. ഇത് വായിച്ച് ബാലറ്റിലെ ക്രമനമ്പര്‍ മനസ്സിലാക്കി വോട്ടിങ് മെഷീന്റെ സൈഡിലുള്ള ബ്രെയിലി ലിപിയിലുള്ള നമ്പര്‍ മനസ്സിലാക്കി വോട്ടുരേഖപ്പെടുത്താം. മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തും. പ്രസ്തുത ആളുകള്‍ക്ക് വീട്ടിലെത്തി വോട്ടിങ്ങിന് കൊണ്ടുപോവുന്ന സമയംവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടര്‍ സ്ലിപ്പ് ബിഎല്‍ഒമാര്‍ മുഖേന വിതരണം ചെയ്തുവരുന്നു.

ഈ വിഭാഗത്തില്‍പ്പെട്ടവരെ ബൂത്തുകളിലെത്തിക്കുന്നതിനായി റൂട്ട് ഓഫിസര്‍, എന്‍എസ്എസ് വോളിയന്റിയര്‍മാര്‍, ബിഎല്‍ഒമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വാഹനങ്ങളും വീല്‍ചെയറുകളും ക്രമീകരിച്ചതായി തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. സംസ്ഥാന ജീവനക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വകലാശാലാ ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പടെ 1200 ഓളം ജീവനക്കാരെയാണ് പരിശീലനം നല്‍കി വിവിധ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

സുരക്ഷയ്ക്കായി കേന്ദ്ര- സംസ്ഥാന സേനകള്‍

സുഗമമായ തിരഞ്ഞെടുപ്പിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസേന ഉള്‍പ്പടെ 700 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ 5 ഡിവൈഎസ്പിമാര്‍, 7 സിഐമാര്‍, 45 എസ്‌ഐമാര്‍ നേതൃത്വം നല്‍കും. കൂടാതെ 396 കോണ്‍സ്റ്റബിള്‍മാരും ഡ്യൂട്ടിയിലുണ്ട്. കൂടാതെ 240 കേന്ദ്രസേനാംഗങ്ങളും ജില്ലയില്‍ ജാഗ്രത പുലര്‍ത്തും. കള്ളവോട്ട് തടയുന്നതിനുള്ള സജ്ജീകരണങ്ങളുമൊരുക്കിയിട്ടുണ്ട്. മൂന്ന് ഫഌയിങ് സ്‌ക്വാഡുകള്‍, 24 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, 4 വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, എംസിസി എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടന്നുവരുന്നു.

എംസിസിയുടെ കീഴില്‍ 2 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നു. പോലിസ്, എക്‌സൈസ്, റവന്യൂ വകുപ്പുകളുടെ സംയുക്തപരിശോധനകളുമുണ്ടാവും. ആകെയുള്ള 176 ബൂത്തുകളില്‍ വനിതാ നിയന്ത്രിത ബൂത്തുകള്‍- 1, മാതൃകാ ബൂത്തുകള്‍- 5, പ്രശ്‌നബാധിത ബൂത്തുകള്‍- 3, അതീവപ്രശ്‌നബാധിത ബൂത്തുകള്‍- 2 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രശ്‌നബാധിതാ ബൂത്തുകളിലെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോ റെക്കോഡിങ് നടത്തും. കൂടാതെ ഈ ലൊക്കേഷനുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണവുമുണ്ടാവും.


Next Story

RELATED STORIES

Share it