Big stories

ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ മോദിക്കു കത്ത്: അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവിന്റെ ഭീഷണി

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോവുന്നതാണ് നല്ലതെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്

ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ മോദിക്കു കത്ത്:   അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവിന്റെ ഭീഷണി
X

കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി സംസ്ഥാന വക്താവും അഭിഭാഷകനുമായ ബി ഗോപാലകൃഷ്ണനാണ് ഫേസ്ബുക്കിലൂടെ ഭീഷണിസ്വരവുമായി രംഗത്തെത്തിയത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 49 പേരാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളി കൊലവിളിയായി മാറിയെന്നും കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പുവച്ചിരുന്നു. ഇതിനെതിരേയാണ് അടൂരിനെ പരിഹസിച്ചും വേണ്ടി വന്നാല്‍ അടൂരിന്റെ വീട്ടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നു ഭീഷണിപ്പെടുത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ശ്രീരാമന്‍ മാനവികതയുടെ പ്രതീകം എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുട്ടള്ളത്.



ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോവുന്നതാണ് നല്ലതെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. കൃഷ്ണനും രാമനും ഒന്നാണ്. പര്യായപദങ്ങളാണ്. ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും. എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോവാം. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലെങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അടൂരിന്റെ വീട്ടുപടിക്കല്‍ ഉപവാസം കിടന്നേനെ. സര്‍, അങ്ങ് ആദരിക്കപ്പെടേണ്ട സിനിമാ സംവിധായകനാണ്. പക്ഷേ, രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോഴും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസെടുത്തപ്പോഴും സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിയപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലോ. മൗനവൃതത്തിലായിരുന്നോ. ഇപ്പോള്‍ ജയ് ശ്രീരാം വിളിക്കെതിരേ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനോ, അതോ കിട്ടാനോ. പരമപുഛത്തോടെ... എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. നേരത്തേ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഒപ്പുവച്ച ബംഗാളി നടന്‍ കൗഷിക് സെന്നിനെ അജ്ഞാതന്‍ വധഭീഷണി മുഴക്കിയിരുന്നു. ഇദ്ദേഹത്തെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഘം വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.അപര്‍ണാ സെന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ ചലച്ചിത്ര രംഗത്തെയും വിവിധ മേഖലകളിലെ പ്രസിദ്ധരുമുള്‍പ്പെടുന്ന 49 പേരാണ് മോദിക്ക് കത്തയച്ചിരുന്നത്. അഡ്വ. ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമ്മന്റുകളിടുന്നത്.

Next Story

RELATED STORIES

Share it