Big stories

ലോക്ക് ഡൗണിന് ഒരാണ്ട്: നാല് മാസത്തിനിടെ 989 മരണം; ചികില്‍സ കിട്ടാതെ മരിച്ചത് 79 പേര്‍

കൊവിഡ് വ്യാപനത്തിനിടെ സംഘപരിവാര്‍ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയതും ചിലരുടെ മരണത്തിലേക്ക് നയിച്ചു. മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ചികില്‍സ നിഷേധിച്ചതാണ് ഇത്തരം മരണങ്ങള്‍ക്ക് ഇടയാക്കിയതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക് ഡൗണിന് ഒരാണ്ട്: നാല് മാസത്തിനിടെ 989 മരണം; ചികില്‍സ കിട്ടാതെ മരിച്ചത് 79 പേര്‍
X

ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ഇന്നേക്ക് ഒരാണ് പൂര്‍ത്തിയാവുന്നു. 2020 മാര്‍ച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിക്കുന്നതായിരുന്നു. കൊവിഡ് വ്യാപനം തടയാനും പൗരന്‍മാരുടെ ജീവന്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിരവധി പേരുടെ ജീവനാണ് കവര്‍ന്നത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മരിച്ചവരുടെ കണക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ലഭ്യമല്ലെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍ കാലയളവിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം നാല് മാസത്തിനിടെ രാജ്യത്ത് 989 പേരാണ് മരിച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരേയുള്ള നാല് മാസത്തിനിടേയാണ് 989 പേര്‍ മരിച്ചത്. ഇതില്‍ 79 പേര്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് കൃത്യസമയത്ത് ചികില്‍സ ലഭ്യമാകാതെയാണ് മരിച്ചത്.

ഗതാഗത മാര്‍ഗങ്ങള്‍ അടച്ചതും ആംബുലന്‍സ് സര്‍വീസ് ലഭ്യമല്ലാത്തതും നിരവധി പേരുടെ മരണത്തിന് കാരണമാക്കി. കൊവിഡ് ഭീതിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതും നിരവധി പേരുടെ മരണത്തിന് ഇടയാക്കി. അനീമിയയെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ 34 കാരി മരിച്ചത് ആവശ്യമായ രക്തം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു. രക്ത ബാങ്കുകളില്‍ ആവശ്യത്തിന് രക്തമില്ലാത്തതും ആശുപത്രി ജീവനക്കാരില്ലാത്തതും മരണത്തിന് കാരണമായി.

കൃത്യസമയത്ത് പ്രസവ ചികില്‍സ ലഭ്യമല്ലാത്തത് യുവതികളുടെ മരണത്തിന് കാരണമാക്കി. നാല് മാസത്തിനിടെ 10 യുവതികളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രസവ ചികില്‍സ ലഭിക്കാതെ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളൂരുവില്‍ പ്രസവ വേദനയെ തുടര്‍ന്ന് ചികില്‍ തേടിയ 28 കാരിക്ക് ഏഴ് ആശുപത്രികളാണ് ചികില്‍സ നിഷേധിച്ചത്. എല്ലാ ആശുപത്രികളും രോഗിയെ അഡ്മിറ്റ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ചികില്‍സ നിഷേധിക്കുകയായിരുന്നെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

കൊവിഡ് വ്യാപനത്തിനിടെ സംഘപരിവാര്‍ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയതും ചിലരുടെ മരണത്തിലേക്ക് നയിച്ചു. മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ചികില്‍സ നിഷേധിച്ചതാണ് ഇത്തരം മരണങ്ങള്‍ക്ക് ഇടയാക്കിയതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. മീററ്റില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ചികില്‍സ തേടിയെത്തിയ 22 കാരിയായ മുസ് ലിം യുവതിക്ക് ചികില്‍സ നിഷേധിച്ച സംഭവം റിപ്പോര്‍ട്ടില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതായും 'ദി വയര്‍' പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ഭീതി മൂലം 140 പേരാണ് നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലും ഭീതിയും ആത്മഹത്യക്ക് കാരണമാക്കി.

Next Story

RELATED STORIES

Share it