Big stories

സവര്‍ക്കര്‍ പ്രതിമയില്‍ ഷൂ മാല അണിയിച്ച് എന്‍എസ്‌യുഐ പ്രതിഷേധം

ഡല്‍ഹി സര്‍വകലാശാലയുടെ കവാടത്തിനു പുറത്ത് എബിവിപി സ്ഥാപിച്ച പ്രതിമയിലാണ് ബുധനാഴ്ച അര്‍ധരാത്രി എന്‍എസ്‌യുഐ നേതാക്കളെത്തി ഷൂ മാല അണിയിക്കുകയും കറുത്ത ഛായം പൂശുകയും ചെയ്തത്.

സവര്‍ക്കര്‍ പ്രതിമയില്‍ ഷൂ മാല അണിയിച്ച് എന്‍എസ്‌യുഐ പ്രതിഷേധം
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് വിഡി സവര്‍ക്കറുടെ പ്രതിമയില്‍ ഷൂമാല അണിയിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍എസ്‌യുഐ) പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയുടെ കവാടത്തിനു പുറത്ത് എബിവിപി സ്ഥാപിച്ച പ്രതിമയിലാണ് ബുധനാഴ്ച അര്‍ധരാത്രി എന്‍എസ്‌യുഐ നേതാക്കളെത്തി ഷൂ മാല അണിയിക്കുകയും കറുത്ത ഛായം പൂശുകയും ചെയ്തത്.


ബിജെപിയുടെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി നയിക്കുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റ് വിദ്യാര്‍ഥി യൂനിയന്‍ അധികൃതരുടെ അനുമതിയില്ലാതെയാണ് തിങ്കളാഴ്ച രാവിലെ കാംപസിലെ വടക്കുഭാഗത്തെ ആര്‍ട്‌സ് വിഭാഗത്തിനു സമീപത്തെ കവാടത്തിനടുത്ത് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂനിയന്‍ പ്രസിഡന്റ് ശക്തി സിങാണ് പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമ സ്ഥാപിക്കാന്‍ അനുമതി തേടി നിരവധി തവണ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിച്ചിരുന്നെന്നും അവര്‍ മറുപടി തന്നിരുന്നില്ലെന്നും ശക്തി സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വൈസ് ചാന്‍സലറെ നേരിട്ടുകണ്ടു. യുവാക്കള്‍ക്ക് പ്രചോദനമാവുമെന്നതിനാലാണ് പ്രതിമ സ്ഥാപിച്ചതെന്നുമായിരുന്നു ശക്തി സിങിന്റെ വാദം. എന്നാല്‍, പ്രതിമ സ്ഥാപിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് വ്യക്തമാക്കിയ സര്‍വകലാശാല അധികൃതര്‍ ഇന്നലെ തന്നെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനായ വി ഡി സവര്‍ക്കര്‍ സ്വാതന്ത്ര്യസമരകാലത്ത് തടവിലിരിക്കെ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ ഗൂഢാലോചന പ്രതികളുടെ പട്ടികയിലുണ്ടായിരുന്ന ഇദ്ദേഹത്തെ പിന്നീട് തെളിവില്ലെന്നു പറഞ്ഞ് കുറ്റവിമുക്തനാക്കുകയായിരുന്നു.



Next Story

RELATED STORIES

Share it