ഇനി വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാം; എന്‍ഐഎ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

66 നെതിരെ 278 വോട്ടുകള്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി(ഭേദഗതി) ബില്ല്-2019 പാസായത്.

ഇനി വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാം; എന്‍ഐഎ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതി ബില്‍ ലോക്‌സഭ വോട്ടിനിട്ടു പാസാക്കി. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി(ഭേദഗതി) ബില്ല്-2019 പാസായത്. ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാവാതെ മറ്റു ബില്ലുകള്‍ ചര്‍ച്ചക്കെടുക്കുന്നത് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ഭേദഗതിയും സഭയില്‍ അവതരിപ്പിച്ചു.

ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ സംഘടനകളെ നിരോധിക്കാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനുമാണ് ഇതുവരെ എന്‍ഐഎക്ക് അധികാരമുണ്ടായിരുന്നത്. വ്യക്തികളുടെ കാര്യത്തിലും എന്‍ഐഎക്ക് സമാനമായ അധികാരം നല്‍കുന്നതാണ് ലോക്‌സഭ അംഗീകരിച്ച പുതിയ ഭേദഗതി. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകള്‍ നേരിട്ട് അന്വേഷിക്കാനും ഭീകരവാദ കേസുകളില്‍ പുതിയ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനും എന്‍ഐക്ക് അധികാരമുണ്ടാകും. ജൂലൈ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ ബില്ല് അവതരിപ്പിച്ചത്.

ഭീകരതയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയും ഇനി എന്‍ഐഎ അന്വേഷിക്കും. മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറുന്നതാണ് പുതിയ ഭേദഗതിയെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിച്ച കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് എന്‍ഐഎക്ക് അമിതാധികാരം നല്‍കുന്നത് അഭികാമ്യമല്ല. എന്‍ഐഎ ആക്ടിന്റെ ഭരണഘടനാ സാധുത വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കേ അതില്‍ ഭേദഗതി പാടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡിഎംകെ നേതാവ് എ രാജ കുറ്റപ്പെടുത്തി. എന്‍ഐഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു വരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഭേദഗതി വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന് മുസ്‌ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഈ നിയമം ദുരുപയോഗം ചെയ്യണമെന്ന ഒരാഗ്രഹവും നരേന്ദ്ര മോദി സര്‍ക്കാറിനില്ലെന്ന് ചര്‍ച്ചക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

2009ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന്റെ മറപിടിച്ചാണ് യുപിഎ സര്‍ക്കാര്‍ എന്‍ഐഎക്ക് രൂപം നല്‍കിയത്. സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ഇല്ലാതെ തന്നെ രാജ്യത്തെവിടെയും നടക്കുന്ന ഭീകര പ്രവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ അധികാരമുള്ളതായിരുന്നു ഈ ഏജന്‍സി. എന്നാല്‍, ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് പോലുള്ള കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി എന്‍ഐഎ നിലപാടെടുക്കുന്നതായി എന്‍ഐഎ അഭിഭാഷക രോഹിണി സാല്യന്‍ വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top