Big stories

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും സിപിഒയും അറസ്റ്റില്‍

നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും സിപിഒയും അറസ്റ്റില്‍
X

ഇടുക്കി: പ്രമാദമായ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥരെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ഉടനെ കുഴഞ്ഞുവീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിട്ടി തട്ടിപ്പ് കേസ് പ്രതിയായ രാജ്കുമാറിനെ സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് നടപടി. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ടും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചതോടെയാണ് അറസ്റ്റ് നടപടികളിലേക്കു നീങ്ങിയത്. പോലിസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കസ്റ്റഡി മരണം ഏറെ വിവാദമായതോടെ എട്ട് പോലിസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ചുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it