Big stories

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്ന് മുസ് ലിംകളെ ആട്ടിയോടിക്കുന്നു; ബാങ്കും നമസ്‌കാരവും നിരോധിച്ചു

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്ന് മുസ് ലിംകളെ ആട്ടിയോടിക്കുന്നു; ബാങ്കും നമസ്‌കാരവും നിരോധിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ മുസ് ലിംകളെ ആട്ടിയോടിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കും നമസ്‌കാരവും വിലക്കി മുസ് ലിം കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതാണ് പലായനത്തിന് കാരണമായത്. ഹിന്ദു പാട്ടീദാര്‍ സമുദായത്തിന് ആധിപത്യമുള്ള മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ ബോര്‍ലെ ഗ്രാമത്തില്‍ നിന്നാണ് മുസ് ലിംകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്.

സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വരുടെ ആക്രമണം ഭയന്ന് രണ്ട് ഡിസനിലധികം മുസ് ലിംകള്‍ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിലെ മുസ് ലിംകളുടെ വീടുകള്‍ നിരവധി തവണ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ ഏപ്രില്‍ 18 ബോര്‍ലെ ഗ്രാമത്തിലെ 21 ന് പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി അമീന്‍ ഖാന്‍ എന്ന 21 കാരന്‍ ഒളിച്ചോടിയുരുന്നു. അന്ന് രാത്രി തന്നെ ഇവരെ പിടികൂടുകയും അമീന്‍ ഖാനും ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തുക്കള്‍ക്കുമെതിരേ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്കും അയച്ചു. എന്നാല്‍, ഇതിന് ശേഷം ഗ്രാമത്തിലെ മുഴുവന്‍ മുസ് ലിംകള്‍ക്കുമെതിരേ ആക്രമണം അരങ്ങേറുകയായിരുന്നു.


40ലധികം മുസ് ലിംകള്‍ കുടുംബങ്ങള്‍ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. പെണ്‍കുട്ടി ഒളിച്ചോടിയ സംഭവത്തില്‍ മുഴുവന്‍ മുസ് ലിം കുടുംബങ്ങള്‍ക്കുമെതിരേ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം നടന്ന അന്ന് രാത്രി പാട്ടീദാര്‍ സമുദായം സംഘടിച്ചെത്തുകയും മുസ് ലിംകളെ ഗ്രാമം വിട്ടുപോകണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗ്രാമത്തിലെ ഖബറിസ്ഥാന്റെ അതിര്‍ത്തി മതില്‍ അജ്ഞാത സംഘം തകര്‍ത്തു. പള്ളിയിലെ ബാങ്കും നമസ്‌കാരവും നിരോധിച്ചുകൊണ്ട് ഗേറ്റില്‍ പൂട്ടുകള്‍ സ്ഥാപിച്ചു. പള്ളിയിലെ ഇമാമിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആട്ടിയോടിച്ചു. മുസ് ലിംകളെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കാന്‍ വേണ്ടി ദരിദ്രരായ മുസ് ലിം കച്ചവടക്കാരുടെ കൈവണ്ടികളും അര്‍ദ്ധ രാത്രിയില്‍ അജ്ഞാത സംഘം അഗ്നിക്കിരയാക്കി.

ഹിന്ദുത്വരുടെ ആക്രമണം രൂക്ഷമായതോടെ അന്‍ജര്‍ പോലിസ് സ്‌റ്റേഷനിലെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ താര മാണ്ഡ്‌ലോയിയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഏപ്രില്‍ 30 ന് സമാധാന യോഗം വിളിച്ചിരുന്നു.

'പോലിസ്, എസ്ഡിഎം എന്നിവയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ബാങ്ക് കൊടുക്കുന്നത് നിരോധിക്കുകയും നമസ്‌കാരത്തിന് മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഇമാമിനെ നിയമിക്കുകയും ചെയ്തു. കരാര്‍ പ്രകാരം, ഗ്രാമത്തില്‍ ഏതെങ്കിലും അനിഷ്ട സംഭവം (ഒളിച്ചോട്ടം മുതലായവ) നടന്നാല്‍ മുഴുവന്‍ മുസ്‌ലിം സമൂഹവും ഉത്തരവാദികളായിരിക്കും,' മുസ് ലിം നേതാവ് ഫക്രുദ്ദീന്‍ ഖാന്‍ പറഞ്ഞു. അഞ്ച് മുസ് ലിം പ്രതിനിധികള്‍ മാത്രം പങ്കെടുപ്പിച്ച സമാധാന യോഗത്തില്‍ പാട്ടീദാര്‍ വിഭാഗത്തില്‍ നിന്ന് നൂറിലധികം പേര്‍ സംഘടിച്ചെത്തി.

സംഭവം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും, ഹിന്ദു സമുദായത്തിലെ നേതാക്കള്‍ മുസ് ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സാമൂഹിക ബഹിഷ്‌കരണവും തുടര്‍ന്നു. ഇതോടെയാണ് അമീന്റെ കുടുംബം ഉള്‍പ്പടെ രണ്ട് ഡസനിലധികം മുസ് ലിംകള്‍ ഗ്രാമം വിട്ടുപോവാന്‍ നിര്‍ബന്ധിതരായത്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ പിവ്‌ഡേ കാംപെല്‍ ഗ്രാമത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മുസ് ലിം കുടുംബത്തിന് നേരെ ആക്രമണം അരങ്ങേറിയത്.

'ഞങ്ങളുടെ ഗ്രാമത്തില്‍ മുസ് ലിംകള്‍ വേണ്ട, ഗ്രാമം വിട്ട് പോകണം' എന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമണം നടത്തിയത്. ഗ്രാമത്തിലെ താമസക്കാരായ ഏക മുസ് ലിം കുടുംബത്തെ ആര്‍എസ്എസ് നേതാക്കളുെട നേതൃത്വത്തിലെത്തിയ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അതേസമയം, ആക്രമണത്തിന് ഇരയായ കുടുംബത്തിനെതിരേയാണ് ഇന്‍ഡോര്‍ പോലിസ് കേസെടുത്തത്. ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആകാശ് എന്നയാള്‍ നല്‍കിയ കൗണ്ടര്‍ കേസിലാണ് ആക്രമണത്തിന് ഇരയായ കുടുംബത്തിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it