Big stories

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മലക്കം മറിഞ്ഞ് സതീശന്‍; പ്രതിഷേധവുമായി ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മലക്കം മറിഞ്ഞ് സതീശന്‍; പ്രതിഷേധവുമായി ലീഗ്
X

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പുതിയ വിവാദത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ പുതിയ തീരുമാനം മുസ് ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന ആദ്യ പ്രതികരണം വി ഡി സതീശന്‍ നിഷേധിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്നാണ് സതീശന്റെ പുതിയ വിശദീകരണം. മുസ് ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു. നിലവിലുള്ള സ്‌കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്‌കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ് ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ പരിഹരിക്കണമെന്നും ലീഗ് ആവശ്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, സതീശനെതിരേ വിമര്‍ശനവുമായി മുസ് ലിം ലീഗ് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ശരിയായി പഠിക്കണമെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. തെറ്റുകള്‍ തിരുത്തി സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മുസ് ലിം ലീഗിന്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ഒരു ശുപാര്‍ശയും കേരളത്തില്‍ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാന്‍ സര്‍ക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വി ഡി സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്ന് കെ പി എ മജീദ് എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മുസ് ലിം സമുദായത്തിന് നഷ്ടം തന്നെയാണ്. ലീഗിന്റെ നിലപാട് വ്യത്യസ്തമാണ്. അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് നിര്‍ദേശം വച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ തീരുമാനം വന്നത്. ലീഗിന്റെ നിലപാട് ചര്‍ച്ചയ്ക്ക് മുമ്പു തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സ്‌കോളര്‍ഷിപ്പ് ആരംഭിക്കുന്നത് തന്നെ സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സച്ചാര്‍ കമ്മീഷന്‍ മുസ് ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി മാത്രമുള്ള കമ്മീഷനാണ്. സ്വഭാവികമായും ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം ലഭിക്കേണ്ടത് പിന്നാക്ക മുസ് ലിം സമുദായത്തിനാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ആനുകൂല്യം കൊടുക്കുന്നതിന് ലീഗ് എതിരല്ല. ജനസംഖ്യാനുപാതികമായി വേറൊരു പദ്ധതി പ്രകാരം അത്തരത്തിലുള്ള ആളുകള്‍ക്ക് ആനുകൂല്യം കൊടുക്കണമെന്നാണ് ലീഗ് വ്യക്തമാക്കിയത്. സച്ചാര്‍ കമ്മീഷന്റെ റിപോര്‍ട്ട് വെള്ളം ചേര്‍ക്കുകയോ, തള്ളിക്കളയുകയോ ആണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. നേരത്തേ 80 ശഥമാനം മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്നത് ഇപ്പോള്‍ 59 ശതമാനമായി ചുരുങ്ങും. സച്ചാര്‍, പാലോളി കമ്മീഷനുകളെ കുഴിച്ചുമൂടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെപിഎ മജീദ് പറഞ്ഞു.

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനം മുസ് ലിം സമുദായത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരുസമുദായത്തിനും നിലവില്‍ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തില്‍ അടിസ്ഥാനം ആക്കുമ്പോള്‍ പുതിയ ഫോര്‍മുലയില്‍ മുസ് ലിം വിഭാഗത്തിനുള്ള ആനുകൂല്യം 80ല്‍ നിന്നു 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ വിലയിരുത്തല്‍.

Minority Scholarship: Satheesan turns upside down; League in protest

Next Story

RELATED STORIES

Share it