Big stories

ജാദവ്പുര്‍ സര്‍വകലാശാല സംഘര്‍ഷം: 'ദി ടെലിഗ്രാഫ്' എഡിറ്റര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഭീഷണി

ദി ടെലിഗ്രാഫ് ദിനപത്രത്തില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഒരു വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇത് തെറ്റാണന്നും തന്നെയാണ് വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതെന്നും പറഞ്ഞ് സുപ്രിയോ ടെലിഗ്രാഫിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനെ ബാബുല്‍ സുപ്രിയോ ഫോണില്‍ വിളിച്ചത്.

ജാദവ്പുര്‍ സര്‍വകലാശാല സംഘര്‍ഷം: ദി ടെലിഗ്രാഫ് എഡിറ്റര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഭീഷണി
X
ന്യൂഡല്‍ഹി: ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റര്‍ ആര്‍ രാജഗോപാലിന് നേരെ ഭീഷണിയും തെറിവിളിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ. കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ സുപ്രിയോ വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചതിനെയാണ് ഭീഷണി. തെറിവിളി അച്ചടിക്കാന്‍ പോലും കഴിയാത്തവയാണെന്നു ദി ടെലിഗ്രാഫ് എഡിറ്റര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എബിവിപി ക്ഷണപ്രകാരം ബാബുല്‍ സുപ്രിയോ ജാദവ്പൂര്‍ സര്‍വകലാശാലയിലെത്തിയത്. എന്നാല്‍ മന്ത്രിയെ കോളജില്‍ പ്രവേശിക്കുന്നതില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ എത്തിര്‍ത്തതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വിദ്യാര്‍ഥി പ്രതിഷേധം കണക്കിലെടുക്കാതെ പരിപാടിയില്‍ പങ്കെടുത്ത സുപ്രിയോ തിരിച്ചുപോവാന്‍ ഒരുങ്ങിയപ്പോള്‍ വീണ്ടും തടഞ്ഞു. തുടര്‍ന്ന് ഇരുഭാഗത്തില്‍ നിന്നു ഉന്തും തള്ളുമുണ്ടായതോടെ പ്രശ്‌നം വഷളായി. അതില്‍ ഒരു വിദ്യാര്‍ഥിയെ തള്ളി മാറ്റുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങല്‍ പുറത്തുവന്നു. ഇരുകൂട്ടരുടെയും സംഘര്‍ഷങ്ങള്‍ നിറഞ്ഞ വീഡിയോ തളിവുസഹിതം പുറത്തുവരികയും ചെയ്തു. പിറ്റേന്ന് പുറത്തിറങ്ങിയ ദി ടെലിഗ്രാഫ് ദിനപത്രത്തില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഒരു വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇത് തെറ്റാണന്നും തന്നെയാണ് വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതെന്നും പറഞ്ഞ് സുപ്രിയോ ടെലിഗ്രാഫിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഇതിനു പിന്നാലെയാണ് ഇന്നലെ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനെ ബാബുല്‍ സുപ്രിയോ ഫോണില്‍ വിളിച്ചത്. ഓഫിസില്‍ എഡിറ്റോറിയല്‍ യോഗം നടക്കുന്ന സമയമായതിനാല്‍ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഫോണ്‍ സംഭാഷണം. രാജഗോപാല്‍ ക്ഷമാപണം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റായ കാര്യങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പിഴവ് സംഭവിച്ചാല്‍ മാത്രമേ താന്‍ മാപ്പ് പറയാറുള്ളുവെന്നും രാജഗോപാല്‍ മറുപടി നല്‍കി. ഇതോടെ സുപ്രിയോയുടെ സംസാരരീതി മാറിയെന്ന് ടെലിഗ്രാഫ് റിപോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച ദി ടെലിഗ്രാഫ് വാര്‍ത്തയില്‍ കൊടുത്ത 'Babull at JU' എന്ന തലക്കെട്ട് തന്നെ അപമാനിക്കുന്നതാണെന്നാണ് മന്ത്രിയുടെ ആരോപണം. എന്നാല്‍ അത് താങ്കളെയാണെന്ന് എങ്ങനെ മനസ്സിലായി, വിദ്യാര്‍ഥികളെയും ആയിക്കൂടെ എന്ന് എഡിറ്റര്‍ തിരിച്ചുചോദിച്ചു. ഫോണ്‍ സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് സുപ്രിയോ പറഞ്ഞപ്പോള്‍ അത് മുഴുവന്‍ പുറത്തുവിടൂ, ആര്, എന്തൊക്കെയാണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവട്ടെ എന്നും രാജഗോപാല്‍ പറഞ്ഞതായി ദി ടെലിഗ്രാഫ് റിപോര്‍ട്ടില്‍ വ്യക്തമാക്കി. പിറ്റേന്ന് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയാണ് എഡിറ്റര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it