Big stories

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; തലയില്‍ ഏഴുതവണ ലേസര്‍ രശ്മി പതിച്ചു

അമേത്തിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപ്പര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച ചില വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുലിന് സുരക്ഷാ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; തലയില്‍ ഏഴുതവണ ലേസര്‍ രശ്മി പതിച്ചു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അമേത്തിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപ്പര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച ചില വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുലിന് സുരക്ഷാ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയതായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ അറിയിച്ചു.


അമേത്തിയില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഇതില്‍ രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചെന്നാണ് പാര്‍ട്ടി കത്തില്‍ ആരോപിക്കുന്നത്. റോഡ് ഷോയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നതിനിടെയാണ് പച്ചനിറത്തിലുള്ള ഒരു ലേസര്‍ രശ്മി അദ്ദേഹത്തിന്റെ തലയില്‍ പലവട്ടം പതിച്ചത്.

രാഹുലിന്റെ തലയില്‍ പതിച്ച രശ്മി ഒരു സ്‌നിപ്പര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാമെന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും സുരക്ഷ ശക്തമാക്കാനും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങള്‍ നടന്ന സാഹചര്യങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായ എല്ലാ വ്യത്യാസങ്ങള്‍ക്കും ഉപരിയായി രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ്പിജിയാണ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നത്.

Next Story

RELATED STORIES

Share it