Big stories

കോണ്‍ഗ്രസിന് വോട്ടുമറിക്കുന്നുവെന്ന്; കൊല്ലത്ത് ബിജെപി ജില്ലാ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

വ്യാഴാഴ്ച രാത്രിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്തുകുഴപ്പമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്തുവന്നത് ബിജെപി നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി.

കോണ്‍ഗ്രസിന് വോട്ടുമറിക്കുന്നുവെന്ന്; കൊല്ലത്ത് ബിജെപി ജില്ലാ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം
X

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുമറിക്കാന്‍ നീക്കമുണ്ടെന്നാരോപിച്ച് കൊല്ലത്തെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി. വ്യാഴാഴ്ച രാത്രിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്തുകുഴപ്പമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്തുവന്നത് ബിജെപി നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി. പ്രേമചന്ദ്രന്റെ പ്രതികരണത്തോടെ വോട്ടുമറിക്കുന്നുവെന്ന ആരോപണത്തിന് സ്ഥിരീകരണമുണ്ടായെന്നാണ് ബിജെപിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.

പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം. ഇതെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു. കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ ആരോപിക്കുന്നു. മേക്ക് എ വിഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് കൊല്ലത്തെ ബിജെപി വിമതര്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്നുമാണ് ഇവരുടെ ആരോപണം. ജില്ലയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചുകൊടുക്കുന്നതായി ആരോപണം നിലനില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തത് ആരോപണത്തെ ന്യായീകരിക്കലായി മാറുമെന്നാണ് വിമതരുടെ വിമര്‍ശനം.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക്ക് എ വിഷന്‍ സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തിരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനമെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ബിജെപിക്കുള്ളില്‍തന്നെ സ്ഥാനാര്‍ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് അത് പരസ്യമാവുന്നത്. എന്നാല്‍, ഇതെല്ലാം ഇടതുപക്ഷം ഉന്നയിക്കുന്ന കഥകള്‍ മാത്രമാണെന്നും പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ ഘടകത്തിന്റെ പ്രതികരണം. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമുണ്ട്. അതേസമയം, വോട്ടുമറിക്കല്‍ വിവാദവും ബിജെപിക്കെതിരേയും കോണ്‍ഗ്രസിനെതിരേയും പ്രചാരണായുധമാക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബിജെപി വോട്ടുമറിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു.

ദുര്‍ബലനായ സ്ഥാനാര്‍ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറിയായ സാബു വര്‍ഗീസാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. എന്നാല്‍, കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നും പരാജയഭീതയില്‍നിന്നാണ് വ്യാജ ആരോപണങ്ങളുണ്ടാവുന്നതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ആധിപത്യം കരസ്ഥമാക്കിയാണ് എന്‍ കെ പ്രേമചന്ദ്രന്‍ ജയിച്ചുകയറിയത്. കൊല്ലം, ചവറ, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു മണ്ഡലം പോലും നേടാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന് മാത്രമല്ല, ചവറ ഒഴികെയുള്ള സ്ഥലങ്ങളില്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ക്കാണ് യുഡിഎഫ് പിന്നിലായത്.

Next Story

RELATED STORIES

Share it