Big stories

സംഘര്‍ഷത്തിന് അയവ്; സെര്‍ബിയ- കൊസോവോ അതിര്‍ത്തി വീണ്ടും തുറന്നു

സംഘര്‍ഷത്തിന് അയവ്; സെര്‍ബിയ- കൊസോവോ അതിര്‍ത്തി വീണ്ടും തുറന്നു
X

ബെല്‍ഗ്രേഡ്: സെര്‍ബിയ കൊസോവോ സംഘര്‍ഷത്തിന് അയവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുചിച്ച് വടക്കന്‍ കൊസോവോയിലെ സെര്‍ബുകളുമായി സംസാരിച്ച ശേഷമാണ് പ്രക്ഷോഭകര്‍ റോഡ് തുറക്കാന്‍ സമ്മതിച്ചത്. കൊസോവോയ്ക്കും സെര്‍ബിയയ്ക്കും ഇടയിലുള്ള ക്രോസിങ് ബാരിക്കേഡുകള്‍ നീക്കം ചെയ്തിരിക്കുകയാണ്.

ട്രക്കുകള്‍ക്ക് ഇപ്പോള്‍ ഇതുവഴി കടന്നുപോവാന്‍ കഴിയും. കൊസോവോയിലെ സെര്‍ബിയയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ബെല്‍ഗ്രേഡ് പ്ലേറ്റുള്ള വാഹനങ്ങള്‍ വിലക്കിയതും തുടര്‍ന്ന് സെര്‍ബിയന്‍ വംശജര്‍ റോഡ് തടഞ്ഞതും അടക്കമുള്ള കാര്യങ്ങളാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സെര്‍ബിയയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രമായ കൊസോവോയ്‌ക്കെതിരേ സൈന്യത്തെ അണിനിരത്തിയ സെര്‍ബിയന്‍ നീക്കം യുദ്ധഭീതി വിതച്ചിരുന്നു.

കൊസോവോയിലെ സെര്‍ബ് വംശജര്‍ പീഡനത്തിനിരയാവുന്നുവെന്നാരോപിച്ചാണ് സെര്‍ബിയ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തിയത്. അല്‍ബേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കൊസോവോയിലെ സെര്‍ബിയന്‍ വംശജരെ സംരക്ഷിക്കാനെന്ന കാരണം പറഞ്ഞായിരുന്നു സൈനികവിന്യാസം. 1998- 99 ലെ രക്തരൂഷിത യുദ്ധത്തിനൊടുവിലാണ് കൊസോവോ സെര്‍ബിയയില്‍നിന്ന് മോചിതമായത്. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊസോവോയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കിലും സെര്‍ബിയ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it