Big stories

കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ അവസാനിപ്പിച്ചു, കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ എട്ടുപേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്.

കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ അവസാനിപ്പിച്ചു, കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
X

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ എട്ടുപേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്. മാര്‍ട്ടിന്‍ (47), അമ്മ അന്നക്കുട്ടി (65), മാര്‍ട്ടിന്റെ ഭാര്യ സിനി (35), മക്കളായ സ്‌നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരെയാണ് കഴിഞ്ഞദിവസം മണ്ണിനടിയില്‍പ്പെട്ട് കാണാതായത്. ഇവരില്‍ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

കുന്നിന്‍പ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാര്‍ട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ഥികളാണ്. ഇവരുടെ വീടുണ്ടായിരുന്നിടത്തുനിന്നുതന്നെയാണ് നാല് മൃതദേഹങ്ങള്‍ ലഭിച്ചത്. മാര്‍ട്ടിന്റെ മൃതദേഹം ലഭിച്ചത് ഇവിടെനിന്ന് ഒരു കിലോമീറ്ററോളം മാറിയാണ്. വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് ദൂരേക്ക് ഒഴുകിപ്പോവുകയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചില്‍ തുടരുകയാണ്. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29) ന്റെ മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. കൂട്ടിക്കല്‍ വെട്ടിക്കാനത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

ഷാലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു. അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തില്‍പ്പെട്ടത്. പ്ലാപ്പളളിയില്‍ കാണാതായ നാലുപേരുടേയും മൃതദേഹങ്ങള്‍ കിട്ടിയെന്ന് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. ഇന്നലെ ഇവിടെ മൂന്ന് മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. പന്തലാടി സരസമ്മ മോഹന്‍, റോഷ്‌നി വേണു, ആറ്റുചാലില്‍ സോണിയ, അപ്പു എന്നിവരുടെ മൃതദേഹമാണ് പ്ലാപ്പള്ളിയില്‍നിന്ന് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് കൂട്ടിക്കലില്‍ ഹെലികോപ്റ്ററുമെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂട്ടിക്കലിലെ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അതേസമയം, കൊക്കയാറില്‍ എട്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴ് വീടുകള്‍ ഇവിടെ പൂര്‍ണമായും തകര്‍ന്നു. ഡോഗ് സ്‌ക്വാഡിനെയും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുമെത്തിക്കുന്നുണ്ട്. വലിയ പാറകളും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. മന്ത്രിമാരായ കെ രാജന്‍, വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.

Next Story

RELATED STORIES

Share it