Big stories

കുറ്റസമ്മതവുമായി ഷാജു;ഭാര്യയേയും കുട്ടിയേയും കൊല്ലാന്‍ സാഹചര്യം ഒരുക്കി നല്‍കി

കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ കൊലപാതകങ്ങളില്‍ ഷാജുവിനുള്ള പങ്കാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

കുറ്റസമ്മതവുമായി ഷാജു;ഭാര്യയേയും കുട്ടിയേയും കൊല്ലാന്‍ സാഹചര്യം ഒരുക്കി നല്‍കി
X

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതവുമായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നല്‍കിയെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു വ്യക്തമാക്കി.

തന്റെ ആദ്യ ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്റെ അറിവോടെയാണെന്ന് ഷാജു മൊഴി നല്‍കി. തന്റെ അറിവോടെയാണ് ഇരു കൊലപാതകവും നടന്നത്. കുഞ്ഞായ ആല്‍ഫിനെ ആദ്യം ജോളി കൊന്നുവെന്നും പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണെന്നും ഷാജു സമ്മതിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങള്‍ ഓരോന്നായി സമ്മതിച്ചത്. സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താനതിനെ എതിര്‍ത്തെന്നും, തന്റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. മകള്‍ ബാധ്യതയാകുമെന്ന് ഞങ്ങള്‍ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ഷാജു പോലിസിനോട് സമ്മതിച്ചു.

ഷാജുവിന്റെ അച്ഛന്‍ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവിവരം തന്റെ മകന്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. പോലിസ് സ്‌റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്.

കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ കൊലപാതകങ്ങളില്‍ ഷാജുവിനുള്ള പങ്കാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

ഷാജുവിനെ ഇന്നു രാവിലെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്പി ഓഫിസിലേക്ക് കൊണ്ടുപോയി. ഉടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്.

ആദ്യഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവള്‍ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഃഖമില്ല. ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ അന്വേഷണസംഘം രാവിലെ പരിശോധന നടത്തിയിരുന്നു. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടില്‍ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങള്‍ കടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. നിര്‍ണായകമായ തെളിവുകള്‍ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it