Big stories

ട്രാഫിക് നിയമലംഘനം: കനത്ത പിഴ ഒഴിവാക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനം: കനത്ത പിഴ ഒഴിവാക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
X

തിരുവനന്തപുരം: പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴ കുറയ്ക്കാനുള്ള സാധ്യതതേടി സംസ്ഥാന സര്‍ക്കാര്‍. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്. ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.

മുമ്പുള്ളതിനെക്കാള്‍ പത്തിരട്ടിയോളം ഉയര്‍ന്ന പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. കുത്തനെ പിഴ ഉയര്‍ത്തിയതിനെതിരേ സിപിഎമ്മും കോണ്‍ഗ്രസും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ പിഴ ഈടാക്കിക്കൊണ്ട് റോഡ് നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ട്രാഫിക് നിയമലംഘനങ്ങളില്‍ ഓണക്കാലത്ത് പിഴയീടാക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഓണക്കാലത്ത് പിഴയീടാക്കുന്നതിനു പകരം ബോധവല്‍ക്കരണം മാത്രമേ നടത്തുകയുള്ളൂ. ഗതാഗത നിയമഭേദഗതിയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണക്കാലത്ത് പിഴ ഈടാക്കുന്നത് ഒഴിവാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കേന്ദ്രനിയമത്തെ മറികടന്ന് സംസ്ഥാനം നിയമനിര്‍മാണത്തിലേക്ക് വന്നാല്‍ അതിന് രാഷ്ട്രപതിയുടെ അംഗീകരം വേണം. അതിനാല്‍, നിയമനിര്‍മാണത്തിലേക്ക് കടക്കാതെ പിഴ കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുക.

കേരളത്തിന് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടിവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം സപ്തംബര്‍ ഒന്ന് മുതലാണ് പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ആയിരം മുതല്‍ 25,000 രൂപ വരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ പിഴ വളരെ വേഗത്തില്‍ നടപ്പാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it