Big stories

പ്രളയം : അമിക്കസ് ക്യൂറി റിപോര്‍ട് തള്ളി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം

പ്രളയത്തിനു കാരണം അതിശക്തമായി പെയ്ത കാലവര്‍ഷമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.അമിക്കസ് ക്യൂറി നല്‍കിയ റിപോര്‍ട് ശാസത്രീയമായ പഠനത്തിന്റെ അടിസ്ഥാത്തിലല്ല.അതിശക്തമായ കാലവര്‍ഷമാണ് പ്രളയത്തിനു കാരണമെന്ന് കേന്ദ്ര ജല കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് പറഞ്ഞു

പ്രളയം : അമിക്കസ് ക്യൂറി റിപോര്‍ട് തള്ളി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം
X

കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കാരണം നിരത്തി അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപോര്‍ടിനെ തള്ളി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മുലം.പ്രളയത്തിനു കാരണം അതിശക്തമായി പെയ്ത കാലവര്‍ഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.അമിക്കസ് ക്യൂറി നല്‍കിയ റിപോര്‍ട് ശാസത്രീയമായ പഠനത്തിന്റെ അടിസ്ഥാത്തിലല്ലെന്ന് സര്‍ക്കാര്‍ പറയുന്നു.അതിശക്തമായ കാലവര്‍ഷമാണ് പ്രളയത്തിനു കാരണമെന്ന് കേന്ദ്ര ജല കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തെയാകെ തകര്‍ത്ത മഹാപ്രളയത്തിനു കാരണം ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതുമൂലമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ഏപ്രില്‍ മൂന്നിന്.അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് പഠിച്ച് റിപോര്‍ട് സമര്‍പ്പിക്കുന്നതിനായിരുന്നു ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്.ഡാമുകള്‍ തുറന്നു വിട്ടതില്‍ വീഴ്ചയുണ്ടായെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.സുപ്രിം കോടതി റിട്ട. ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സങ്കേതിക സമിതിയെ അന്വേഷണത്തിനായി നിയോഗിക്കണം. കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്റ് വിദഗ്ദ്ധരും സമിതിയില്‍ വേണമെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് കൃത്യമായി കണക്കു കൂട്ടാന്‍ ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ല. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് ജാഗ്രതയോടെ നിരന്തരമായി നിരീക്ഷിച്ച് ഏതു സമയത്ത് ഡാമുകള്‍ തുറക്കണമെന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് ഇവിടെ പാലിക്കപ്പെട്ടില്ലെന്നാണ് വ്യക്തമാക്കപെടുന്നത്.2018 ജൂണ്‍ മുതല്‍ ആഗസ്ത് വരെ സാധാരണ രീതിയിലുള്ള മഴയായിരുന്നു എന്നാല്‍ ആഗസ്ത് 15 മുതല്‍ 17 വരെയുള്ള സമയത്ത് അതിശക്തമായ മഴ പെയ്തു.ഇത് മുമ്പുണ്ടാകാത്തവിധത്തിലുള്ള വെള്ളപ്പൊക്കത്തിനു കാരണമാകുകയും കേരളമൊട്ടാകെ വന്‍ തോതില്‍ ജീവനും സ്വത്തുക്കള്‍ക്കും നാശം സംഭവിക്കുകയും ചെയ്തു.വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി ഡാമുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല.എല്ലാ ഡാമുകളും പെട്ടന്നു തുറുന്നുവിട്ടു. ഡാമില്‍ അടിഞ്ഞു കൂടിയ ചെളിയും മറ്റും കൃത്യമായി നീക്കം ചെയ്യാതിരുന്നതു മൂലം സംഭരണ ശേഷിയില്‍ കുറവു വന്നു. ഇത് ഡാമുകള്‍ പെട്ടന്നു നിറയാന്‍ കാരണമായി.വെള്ളപ്പൊക്ക മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏകോപനമുണ്ടായിട്ടില്ലെന്നും അമിക്കസ് ക്യൂറി റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.ഭാവിയില്‍ ഇത്തരം പ്രളയവും നാശവും ഉണ്ടാകാതിരിക്കാന്‍ മികച്ച ഡാം മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം.വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ വേണം.വെളളപ്പൊക്കം ബാധിക്കാനിടയുള്ള പ്രദേശങ്ങളുടെ മാപ്പ് തയാറാക്കണം. ഫലപ്രദമായ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാക്കണം,നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണം,വെള്ളപ്പൊക്കം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it