Big stories

ആലപ്പുഴയുടെ വിപ്ലവ ഭൂമിക ഇടതിന് കരുത്തേകുമോ?

ജാതി-മത സമവാക്യങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും ഏറെ സ്വാധീനമുള്ളവയാണ് ജില്ലയിലെ പല മണ്ഡലങ്ങളും.

ആലപ്പുഴയുടെ വിപ്ലവ ഭൂമിക ഇടതിന് കരുത്തേകുമോ?
X

സ്വന്തം പ്രതിനിധി

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരഭൂമികയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലവുമായ കിഴക്കിന്റെ വെനീസ് എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ആലപ്പുഴക്ക് ചുവപ്പിനോടായിരുന്നു എല്ലായ്‌പ്പോഴും ഏറെ പ്രിയം. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളമാകെ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ ഇടതു പാളയങ്ങള്‍ ഒന്നടങ്കം കടപുഴകി വീണപ്പോഴും എ എം ആരിഫിലൂടെ 'ഒരു തരി കനല്‍' ആലപ്പുഴക്കാര്‍ ബാക്കിവച്ചിരുന്നു. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ള ആലപ്പുഴയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചന.

ജാതി-മത സമവാക്യങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും ഏറെ സ്വാധീനമുള്ളവയാണ് ജില്ലയിലെ പല മണ്ഡലങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിച്ചതിലൂടെ ശക്തമായ ത്രികോണ മത്സര സാധ്യതയും ചില മണ്ഡലങ്ങളിലെങ്കിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ജില്ലയിലെ മുസ്‌ലിം വിഭാഗത്തിനിടയില്‍നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ കൂടി മല്‍സര രംഗത്തു എത്തുന്നതോടെ ഫലം പ്രവചനാതീതമാവും.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിങ്ങനെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടിടങ്ങളിലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് സീറ്റിലൂടെയാണ് യുഡിഎഫ് ജില്ലയില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തിയത്.

പിന്നീട് നടന്ന രണ്ടു ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നു സിപിഎം നിലനിര്‍ത്തുകയും ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാനിലൂടെയാണ് എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തി. മികച്ച ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹം ജയിച്ചു കയറിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോെട എ എം ആരിഫ് ഒഴിഞ്ഞ അരൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ അട്ടിമറി ജയം നേടി യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2079 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ ഉസ്മാന്‍ നേടിയ അട്ടിമറി ജയം സിപിഎമ്മിലെ പടലപ്പിണക്കങ്ങള്‍ വെളിവാക്കുന്നതായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങളേയും മറികടന്ന് ആലപ്പുഴ നഗരസഭ തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനായി. കൂടാതെ ജില്ല, ബ്ലോക്ക് പഞ്ചായത്തുകള്‍ നിലനിര്‍ത്താനും ഗ്രാമപഞ്ചായത്തുകളിലും തേരോട്ടം തുടരാനും എല്‍ഡിഎഫിനായി.

അതേസമയം, വലതു ക്യാംപിലെ സ്ഥിതി ദയനീയമായിരുന്നു. കൈവശമുണ്ടായിരുന്ന പഞ്ചായത്തുകള്‍ പലതും ഒലിച്ചുപോയെന്നു മാത്രമല്ല ആലപ്പുഴ നഗരസഭയിലെ ദയനീയ തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ പതിവു മുഖമായ ജോണ്‍ തോമസ് മുതുകുളത്തുനിന്നും പുതുമുഖമായ സജിമോള്‍ ഫ്രാന്‍സിസ് മനക്കോടത്തുനിന്നും വിജയിച്ചതു കോണ്‍ഗ്രസിന് എടുത്തുപറയാന്‍ കഴിയുന്ന നേട്ടങ്ങള്‍

പ്രമുഖരെ ഒഴിവാക്കി സിപിഎം

സിപിഎമ്മിലെ രണ്ടു പ്രമുഖരെ മാറ്റി നിര്‍ത്തിയാണ് എല്‍ഡിഎഫ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിട്ടുള്ളത്. സിപിഎമ്മിലെ സമുന്നത നേതാക്കളായ ജി സുധാകരനും തോമസ് ഐസക്കിനും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. കിഫ്ബിയും ക്ഷേമപദ്ധതികളും മുന്നില്‍നിര്‍ത്തി പ്രചാരണം ശക്തമാക്കുന്ന ഇടതുപക്ഷം അതിന് ചൂക്കാന്‍ പിടിച്ച ഐസക്കിനെ മാറ്റിനിര്‍ത്തിയത് വിനയാകുമോയെന്ന് ഏപ്രില്‍ ആറിന് അറിയാം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ മികച്ചപ്രകടനം കാഴ്ചവെച്ചെന്ന് പാര്‍ട്ടി വിലയിരുത്തുന്ന അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനും ഇക്കുറി സീറ്റില്ല.

ആലപ്പുഴയില്‍ ഐസക്കിനു പകരം മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജനെയും അമ്പലപ്പുഴയില്‍ പാര്‍ട്ടിയുടെ തൊഴില്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് എച്ച് സലാമിനെയുമാണ് പാര്‍ട്ടി ഇക്കുറി അംഗത്തിനിറക്കിയിരിക്കുന്നത്.

അങ്കംമുറുക്കി മുന്നണികള്‍

ജില്ലയിലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തുടക്കംകുറിച്ച് എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഎം തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരൂരില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ആലപ്പുഴയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, അമ്പലപ്പുഴയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, കായംകുളത്ത് സിറ്റിങ് എംഎല്‍എ യു പ്രതിഭ, ചെങ്ങന്നൂരില്‍ സിറ്റിങ് എംഎല്‍എ സജി ചെറിയാന്‍, മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ എം എസ് അരുണ്‍ കുമാര്‍ എന്നിവരാണ് സിപിഎം പട്ടികയില്‍ ഇടംപിടിച്ചത്. കുട്ടനാട്ടില്‍ മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് എന്‍സിപി സ്ഥാനാര്‍ഥിയാകും.

ഇടതു മുന്നണിയില്‍ സിപിഐക്കായി മാറ്റിവച്ച ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമന് പകരം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ജനവിധി തേടും. ഹരിപ്പാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സിപിഐ ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ് ഹരിപ്പാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വരുമെന്നാണ സൂചന.

അതേസമയം, യുഡിഎഫ് ക്യാംപില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും വീണ്ടും മത്സരിക്കുമെന്നുമാത്രമാണ് ഉറപ്പുള്ളത്. ചെങ്ങന്നൂരില്‍ ഏറ്റവും സാധ്യത കല്പിച്ചിരുന്ന മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ് കൊല്ലം ജില്ലയിലേക്കു മാറിയേക്കും. ഇവിടെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ ബി ബാബു പ്രസാദ്, എം മുരളി, എബി കുര്യാക്കോസ് എന്നിവര്‍ക്കാണ് സാധ്യത. ചേര്‍ത്തലയില്‍ കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥിയായിരുന്ന എസ് ശരത്തിന് സാധ്യതയേറെയാണ്. മാവേലിക്കരയില്‍ മുന്‍ എംഎല്‍എ കെ കെ ഷാജുവിനാണ് കൂടുതല്‍ സാധ്യത. കായംകുളത്ത് ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ പേരാണ് ഉയരുന്നത്.

സിപിഎം. എംപിയാവുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത ഡോ. കെ എസ് മനോജ് ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്. വിദേശത്തായിരുന്ന മനോജ് രണ്ടുമാസം മുമ്പാണ് തിരിച്ചെത്തിയത്. കെപിസിസി സെക്രട്ടറി എം ജെ ജോബിനും സാധ്യതയുണ്ട്. അമ്പലപ്പുഴയില്‍ മുന്‍ എംഎല്‍എ എ എ. ഷുക്കൂറിന്റെ പേരാണ് കേള്‍ക്കുന്നത്. കുട്ടനാട്ടില്‍ ജോസഫ് പക്ഷത്തെ ജേക്കബ്ബ് എബ്രഹാം മത്സരിക്കും.

Next Story

RELATED STORIES

Share it