Big stories

കാസര്‍ഗോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍; കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ ലഭിച്ചു. പത്മിനി, സെലീന, സുമയ്യ എന്നിവരാണ് കള്ളവോട്ട് ചെയ്തത്. സിപിഎം പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറിയാണ് വോട്ടുചെയ്തത്. ഇവര്‍ 19ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ലെന്നും വ്യക്തമായി. പത്മിനി എന്ന സ്ത്രീ ബൂത്തില്‍ രണ്ടുതവണ വോട്ടുചെയ്യാനെത്തി.

കാസര്‍ഗോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍; കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
X

തിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായ ആരോപണം സ്ഥിരീകരിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ ലഭിച്ചു. പത്മിനി, സെലീന, സുമയ്യ എന്നിവരാണ് കള്ളവോട്ട് ചെയ്തത്. സിപിഎം പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറിയാണ് വോട്ടുചെയ്തത്. ഇവര്‍ 19ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ലെന്നും വ്യക്തമായി. പത്മിനി എന്ന സ്ത്രീ ബൂത്തില്‍ രണ്ടുതവണ വോട്ടുചെയ്യാനെത്തി. കള്ളവോട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി.

സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരവും ഐപിസി നിയമപ്രകാരവുമായിരിക്കും കേസെടുക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജില്ലാ കലക്ടര്‍ അന്വേഷണം നടത്തണം. പ്രിസൈഡിങ് ഓഫിസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും മീണ കുറ്റപ്പെടുത്തി. കള്ളവോട്ടിനെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കും. റീ പോളിങ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

അതിനിടെ, കള്ളവോട്ടിന് സഹായിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെതിരേ പോലിസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. നടപടിയാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വരണാധികാരിയോട് റിപോര്‍ട്ട് തേടിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വാര്‍ത്താസമ്മേളനം നടത്തി സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it