Big stories

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല; കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

രാജിവച്ച 10 എംഎല്‍എമാര്‍ക്ക് പുറമെ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍നിന്ന് വിട്ടുനിന്നു. ഇതിലൊരാള്‍ മന്ത്രിയുമാണ്. ആറുപേര്‍ പങ്കെടുക്കാത്തതിന് വിശദീകരണം നല്‍കി. അഞ്ജലി നിംബാള്‍ക്കര്‍, കെ സുധാകര്‍, റോഷന്‍ ബെയ്ഗ് എന്നിവരാണു വിട്ടുനിന്നത്.

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല; കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി
X

ബംഗളൂരു: വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. രാജിവച്ച 10 എംഎല്‍എമാര്‍ക്ക് പുറമെ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍നിന്ന് വിട്ടുനിന്നു. ഇതിലൊരാള്‍ മന്ത്രിയുമാണ്. ആറുപേര്‍ പങ്കെടുക്കാത്തതിന് വിശദീകരണം നല്‍കി. അഞ്ജലി നിംബാള്‍ക്കര്‍, കെ സുധാകര്‍, റോഷന്‍ ബെയ്ഗ് എന്നിവരാണു വിട്ടുനിന്നത്. മൂന്നുപേര്‍ ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മന്ത്രി ഡി കെ ശിവകുമാറുമാണ് അനുനയശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നിര്‍ണായകമായ നിയമസഭാകക്ഷി യോഗത്തില്‍നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ സഖ്യസര്‍ക്കാര്‍ വീഴുമെന്ന കാര്യം ഉറപ്പായി. മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും വിമതപക്ഷം അനുനയത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയെന്ന് ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ അറിയിച്ചു.

10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ശനിയാഴ്ച രാജിവച്ചത്. പാര്‍ട്ടി അധ്യക്ഷനാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൈമാറിയ കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു നല്‍കും. അയോഗ്യരാക്കിയാല്‍ മന്ത്രിപദവി ഉള്‍പ്പടെ ഇവര്‍ക്ക് വഹിക്കാനാവില്ല. വിമതര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിച്ച് എംഎല്‍എമാരാവാനുള്ള വിമതരുടെ നീക്കം പാളും. തമിഴ്‌നാട്ടില്‍ ടിടിവി ദിനകരനൊപ്പം പോയതിന്റെ പേരില്‍ എംഎല്‍എമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു.

സ്പീക്കര്‍ക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാര്‍ട്ടി ചീഫ് വിപ്പിന്റെ ശുപാര്‍ശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അതുവഴി കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യസര്‍ക്കാരിന്റെ ലക്ഷ്യം. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ, കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്. ഒരുമാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് 107 പേരുടെ പിന്തുണയായി. ബിജെപിക്ക് തനിച്ച് 105 എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം 104 ആയി ചുരുങ്ങി.

224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാവും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാവും. കൂടുതല്‍ എംഎല്‍എമാര്‍ വിമതര്‍ക്കൊപ്പം ചേരുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനുള്ള അണിയറനീക്കങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നാണ് ബിജെപി ആവര്‍ത്തിച്ചുപറയുന്നത്. എന്നാല്‍, അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന പ്രത്യാശയും ബിജെപി വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. തങ്ങള്‍ക്ക് 107 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സ്പീക്കറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നുമാണ് ബിജെപി നേതാവ് ശോഭ കരന്തലജെ പ്രതികരിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it