Big stories

സർക്കാരിന്റെ വീഴ്ച്ച; കാസർകോട് ജില്ലയിലും താളം തെറ്റി ആദിവാസികൾക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി

സ്ത്രീ ​ഗർഭിണിയായി പ്രസവിച്ച് കുട്ടിക്ക് അഞ്ച് വയസ് പിന്നിടുമ്പോഴും തുക മുഴുവനായി ​ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലതാമസം പദ്ധതി എന്തിന് വേണ്ടിയാണോ പ്രഖ്യാപിച്ചത്, അതിന്റെ ഒരു ​ഗുണവശവും വൈകിയെത്തുന്ന കുടിശ്ശിക കൊണ്ട് ആദിവാസികൾക്ക് ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം.

സർക്കാരിന്റെ വീഴ്ച്ച; കാസർകോട് ജില്ലയിലും താളം തെറ്റി ആദിവാസികൾക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി
X

അഭിലാഷ് പി

കോഴിക്കോട്: ആദിവാസി മേഖലകളിലേക്ക് സംസ്ഥാന സർക്കാർ ഫണ്ട് മാറ്റിവയ്ക്കാത്തത് കാരണം നിലച്ചുപോയതിന് സമാനമായ സാഹചര്യത്തിൽ നിരവധി പദ്ധതികൾ. ആദിവാസികളായ ​ഗർഭിണികൾക്ക് നൽകിവരുന്ന ജനനി ജന്മരക്ഷാ പദ്ധതി അവയിൽ ഒന്നുമാത്രമാണ്. കാസർകോട് ജില്ലാ പട്ടികവർ​ഗ വികസന ഓഫീസ് 2022 മാർച്ച് വരെ ഈ പദ്ധതിക്കായി 5 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും മൂന്നിലൊരു ഭാ​ഗം മാത്രമാണ് സർക്കാർ പാസാക്കിയിരിക്കുന്നത്.

ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ​ഗർഭിണിയായി മൂന്നാം മാസം മുതൽ കുട്ടി പ്രസവിച്ച് ഒരു വയസാകുന്നതുവരെ 18 മാസത്തേക്കാണ് മാസം 2000 രൂപ അനുവദിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ആദിവാസി മേഖലകളിൽ ശിശു മരണവും മാതൃ മരണവും തുടർക്കഥയായതിനെ തുടർന്നാണ് 2011 ൽ പദ്ധതി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ മാത്രം 2016 മുതൽ ​ഗർഭിണിയായവർക്കുള്ള കുടിശ്ശിക നിലവിൽ കൊടുത്തു തീർക്കാനുണ്ടെന്ന് ജില്ലാ ട്രൈബൽ വികസന ഓഫീസർ തേജസ് ന്യൂസിനോട് പറഞ്ഞു.

സ്ത്രീ ​ഗർഭിണിയായി പ്രസവിച്ച് കുട്ടിക്ക് അഞ്ച് വയസ് പിന്നിടുമ്പോഴും തുക മുഴുവനായി ​ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കാലതാമസം പദ്ധതി എന്തിന് വേണ്ടിയാണോ പ്രഖ്യാപിച്ചത്, അതിന്റെ ഒരു ​ഗുണവശവും വൈകിയെത്തുന്ന കുടിശ്ശിക കൊണ്ട് ആദിവാസികൾക്ക് ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം.

കാസർകോട് ജില്ലയിൽ ഈ ധനസഹായം 2022 മാർച്ച് വരെ നൽകുന്നതിനായി 5 കോടി രൂപ അനുവദിക്കണമെന്നാണ് കാസർകോട് ജില്ലാ പട്ടികവർ​ഗ വികസന ഓഫീസ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ 1 കോടി 75 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 2016 മുതലുള്ള അപേക്ഷകർക്ക് വിവിധ ഘടുക്കൾ നൽകുന്നതിൽ കുടിശ്ശിക നിലവിലുണ്ട്. അത് കൊടുത്തു തീർക്കുന്നതിനാണ് മുൻ​ഗണന നൽകുന്നത്. അതുകൊണ്ട് തന്നെ 2021ൽ അപേക്ഷിച്ചവരെ പരി​ഗണിക്കില്ലെന്ന് കാസർകോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ എസ് സാജു തേജസ് ന്യൂസിനോട് പറഞ്ഞു.

അതായത് 2021 ൽ ​ഗർഭിണിയായ ആദിവാസികൾക്കുള്ള പോഷകാഹാരത്തിനുള്ള ധനസ​ഹായത്തിന് ഇനിയും കാത്തിരിക്കണമെന്ന് സാരം. പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് യാതൊരു ഫലവും ലഭിക്കില്ലെന്നത് കാസർകോട് ജില്ലയുടെ അവസ്ഥയിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും. കാസർകോട് ജില്ലയിൽ അരിപ്പ കേന്ദ്രമാക്കി 2021 മാർച്ച് മുതൽ പുതിയൊരു പട്ടികവർ​ഗ വികസന ഓഫീസും പ്രവർത്തിച്ചുവരുന്നുണ്ട്. ഈ മേഖലയിലെ 7 പഞ്ചായത്തുകളാണ് ഈ ഓഫീസിന് കീഴിൽ വരുന്നത്.

2019 മുതലുള്ള അപേക്ഷകളിൻമേലുള്ള കുടിശ്ശിക ഈ മേഖലയിൽ കൊടുത്തു തീർക്കാനുണ്ടെന്ന് അരിപ്പ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ തേജസിനോട് പറഞ്ഞു. 389 അപേക്ഷ ഈ മേഖലയിലുള്ളതും 121 അപേക്ഷ കാസർകോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസിൽ നിന്ന് പിന്നീട് ഇവിടേക്ക് കൈമാറിയതുമടക്കം 510 ​ഗുണഭോക്താക്കൾക്ക് കുടിശ്ശിക നൽകാനുണ്ട്. ഇതിനായി അമ്പത് ലക്ഷമാണ് കഴിഞ്ഞ ദിവസം പാസായതെന്ന് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസർ ശശി കൂട്ടിച്ചേർത്തു.

510 പേർക്ക് (അരിപ്പ) ഈ ധനസഹായം എത്തിക്കണമെങ്കിൽ 1.83 കോടി രൂപയോളം തുക വേണ്ടതാണ് എന്നാൽ 50 ലക്ഷം രൂപ മാത്രമാണ് പാസായിരിക്കുന്നത്. അതായത് കുടിശ്ശിക കൊടുത്തു തീർക്കാൻ വേണ്ട തുക പോലും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. അപ്പോഴും പുതിയ അപേക്ഷകർ മുൻ​ഗണനയ്ക്ക് പുറത്തായിരിക്കുമെന്നതിൽ തർക്കകമുണ്ടാകില്ല.

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതിക്കായുള്ള തുക, അട്ടപ്പാടിയിലെ ശിശുമരണം തുടർക്കഥയായതിന് പിന്നാലെയാണ് സർക്കാർ തിടുക്കത്തിൽ കൈമാറിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഫണ്ട് ആവശ്യം സർക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ടെങ്കിലും അനുകൂല സമീപനമല്ല ഉണ്ടാകുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥരുടെ ആക്ഷേപം.

Next Story

RELATED STORIES

Share it