Big stories

ബാബരി കേസിലെ വാദം ഒക്ടോബര്‍ 18ന് മുമ്പ് പൂര്‍ത്തിയാക്കണം: ചീഫ് ജസ്റ്റിസ്

അതിനകം വാദം പൂര്‍ത്തിയാക്കി നാലാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാനായാല്‍ അതൊരു അത്ഭുതകരമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാബരി കേസിലെ വാദം ഒക്ടോബര്‍ 18ന്  മുമ്പ് പൂര്‍ത്തിയാക്കണം: ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വാദങ്ങള്‍ ഒക്ടോബര്‍ 18നു മുമ്പായി തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അതിനകം വാദം പൂര്‍ത്തിയാക്കി നാലാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാനായാല്‍ അതൊരു അത്ഭുതകരമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ആവശ്യമെങ്കില്‍ ഒക്ടോബര്‍ 18ന് ശേഷം ഒന്നോ രണ്ടോ ദിവസം കൂടി വാദം കേള്‍ക്കല്‍ നീട്ടിനല്‍കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 4 മുതല്‍ 14 വരെ ദസറ അവധിയാണ് കോടതിക്ക്. വാദം പൂര്‍ത്തിയാക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പത്തര ദിവസം മാത്രമാണ് വാദങ്ങള്‍ തീര്‍ക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. ഇതിനകം വിധി പ്രസ്താവിച്ചില്ലെങ്കില്‍ ഇതുവരെ നടന്ന നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കേണ്ടതായി വരും. ഇതൊഴിവാക്കാനാണ് ഗോഗോയ് ആഗ്രഹിക്കുന്നത്.

ദിവസവും ഒരു മണിക്കൂര്‍ അധികം വാദങ്ങള്‍ അവതരിപ്പിക്കാനും ശനിയാഴ്ചകളിലും കോടതി പ്രവര്‍ത്തിക്കാനും അവസരം നല്‍കണമെന്ന് വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഡ്വക്കറ്റ് രാജീവ് ധവാന്‍ നിര്‍ദേശംവച്ചിരുന്നു.

ഒക്ടോബര്‍ 18ന് വാദം പൂര്‍ത്തിയായാല്‍ പിന്നെ വിധിയെഴുതാന്‍ ഭരണഘടനാ ബെഞ്ചിന് ലഭിക്കുക ഒരുമാസത്തെ കാലാവധിയാണ്. കേസിലെ വിവിധ കക്ഷികള്‍ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് അയോധ്യാ കേസിലെ വിധി നാലാഴ്ചക്കുള്ളില്‍ പ്രസ്താവിക്കുന്നതു തന്നെ അത്ഭുതകരമായിരിക്കും എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.

ചീഫ് ജസ്റ്റിസ് തലവനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ ബെഞ്ച് കേസില്‍ തുടര്‍ച്ചയായി വാദം കേട്ട് വരികയാണ്. ബാബരി കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതെത്തുടര്‍ന്നാണ് സുപ്രീംകോടതി ദിവസവും വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.


Next Story

RELATED STORIES

Share it