Big stories

ഭരണഘടനയെ അധിക്ഷേപിച്ച സംഭവം: മുന്‍ മന്ത്രി സജി ചെറിയാനെതിരേ കേസ്

വിവാദ പ്രസംഗം നടന്ന മല്ലപ്പള്ളിയിലെ കീഴ്‌വായ്പൂര് പോലിസ് ആണ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചെന്ന കുറ്റം ചുമത്തി ഇന്ന് പുലര്‍ച്ചെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭരണഘടനയെ അധിക്ഷേപിച്ച സംഭവം: മുന്‍ മന്ത്രി സജി ചെറിയാനെതിരേ കേസ്
X

തിരുവല്ല: ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ രാജിക്ക് പിന്നാലെ മുന്‍ മന്ത്രി സജി ചെറിയാനെതിരേ കേസും. വിവാദ പ്രസംഗം നടന്ന മല്ലപ്പള്ളിയിലെ കീഴ്‌വായ്പൂര് പോലിസ് ആണ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചെന്ന കുറ്റം ചുമത്തി ഇന്ന് പുലര്‍ച്ചെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് ബുധനാഴ്ച വൈകീട്ട് ആറോടെ കേസെടുക്കാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയത്. എറണാകുളം സ്വദേശിയും ഹൈകോടതി അഭിഭാഷകനുമായ എം ബൈജു നോയല്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

കീഴ്‌വായ്പൂര് സ്‌റ്റേഷനിലും ജില്ല പോലിസ് മേധാവിക്കും ചൊവ്വാഴ്ച പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിആര്‍പിസി 156/ 3 പ്രകാരമാണ് കോടതി ഇടപെടല്‍. ബുധനാഴ്ച ആദ്യം ഹരജി പരിഗണിച്ച കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. സജി ചെറിയാന്റെ രാജിക്ക് പിന്നാലെ വൈകീട്ടാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിഡിയോ പെന്‍ ഡ്രൈവിലാക്കിയും സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ തെളിവുകളും ഹരജിക്കൊപ്പം നല്‍കിയിരുന്നു. പരാതികളുടെ അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

'തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

വിവാദ പ്രസ്താവന ഇത്രയേറെ വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാതത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇക്കാര്യത്തില്‍ ഉന്നതതലത്തില്‍നിന്നുള്ള നിര്‍ദേശത്തിന് പോലിസ് കാത്തുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു സൂചന. വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ സര്‍ക്കാരിലും സിപിഎമ്മിലുമുള്ള ആശയക്കുഴപ്പത്തിന് തെളിവായും കേസെടുക്കുന്നതിലുള്ള കാലതാമസത്തെ പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. സജി ചെറിയാനെതിരെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it